varun-chakravarthy

ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഐസിസി ട്വന്‍റി ട്വന്‍റി ബോളിങ് റാങ്കിങ്ങില്‍ ഒന്നാമത്. ഏഷ്യാകപ്പിലെ ആദ്യരണ്ട് മല്‍സരങ്ങളിലെ പ്രകടനമാണ് വരുണിനെ സ്വപ്നനേട്ടത്തില്‍ എത്തിച്ചത്. യുഎഇയ്ക്കെതിരായ ആദ്യമല്‍സരത്തില്‍ വരുണ്‍ നാലുറണ്‍സ് മാത്രം വഴങ്ങി ഒരുവിക്കറ്റും പാക്കിസ്ഥാനെതിരെ 24 റണ്‍സിന് ഒരുവിക്കറ്റും വീഴ്ത്തിയിരുന്നു. ലോകറാങ്കിങ്ങില്‍ ന്യൂസീലാന്‍ഡിന്‍റെ ജേക്കബ് ഡഫിയാണ് രണ്ടാംസ്ഥാനത്ത്. വരുണിന് 733 റേറ്റിങ് പോയന്‍റുണ്ട്. ഡഫിക്ക് 717ഉം.

ഐസിസി ട്വന്‍റി ട്വന്‍റി റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബോളറാണ് വരുണ്‍ ചക്രവര്‍ത്തി. നേരത്തേ ജസ്പ്രീത് ബുംറയും രവി ബിഷ്ണോയിയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. പുതിയ റാങ്കിങ്ങില്‍ ബിഷ്ണോയ് എട്ടാമതും അക്സര്‍ പട്ടേല്‍ പന്ത്രണ്ടാം സ്ഥാനത്തുമാണ്. അര്‍ഷ്ദീപ് സിങ് പതിനാലാം സ്ഥാനത്തുണ്ട്. ഏഷ്യാകപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുല്‍ദീപ് യാദവ് ഇരുപത്തിമൂന്നാം റാങ്കിലാണ്. ബുംറ നാല്‍പതാമതും.

20 രാജ്യാന്തര ട്വന്‍റി ട്വന്‍റി മല്‍സരങ്ങള്‍ മാത്രം കളിച്ചാണ് വരുണ്‍ ചക്രവര്‍ത്തി ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലെത്തിയത്. ഇത്രയും ഇന്നിങ്സുകളില്‍ നിന്ന് 35 വിക്കറ്റുകളാണ് വരുണിന്‍റെ സമ്പാദ്യം. 14.54 എന്ന മികച്ച ശരാശരിയും സ്വന്തം. 6.83 ആണ് ഇക്കോണമി നിരക്ക്. ട്വന്‍റി ട്വന്‍റിയില്‍ രണ്ടുവട്ടം അഞ്ചുവിക്കറ്റ് നേട്ടവും വരുണ‍് സ്വന്തം പേരില്‍ കുറിച്ചു. 2024 നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 17 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഐപിഎല്ലില്‍ ഇതുവരെ താരം 84 മല്‍സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് നേടിയിട്ടുണ്ട്.

varun-chakravarthy-01

ടി ട്വന്‍റി ടീം റാങ്കിങ്ങില്‍ ഇന്ത്യ 15988 പോയന്‍റുമായി ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഏകദിന ടീം റാങ്കിങ്ങിലും ഇന്ത്യയാണ് ഒന്നാമത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ നാലാംസ്ഥാനത്ത് തുടരുന്നു. ഓസ്ട്രേയിലിയയാണ് ഒന്നാംനമ്പര്‍ ടെസ്റ്റ് ടീം. ഏകദിനക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റര്‍ ഇന്ത്യയുടെ ശുഭ്മന്‍ ഗില്ലാണ്. രോഹിത് ശര്‍മ തൊട്ടടുത്തുണ്ട്. വിരാട് കോലി നാലാമതാണ്. ടെസ്റ്റ് ബോളര്‍മാരില്‍ ബുംറ ഒന്നാംസ്ഥാനം നിലനിര്‍ത്തി. മുഹമ്മദ് സിറാജ് പതിനഞ്ചാംസ്ഥാനത്താണ്. ഏകദിന ബോളിങ് റാങ്കിങ്ങില്‍ നാലാമതുള്ള കുല്‍ദീപ് യാദവാണ് ഇന്ത്യക്കാരില്‍ മുന്നില്‍.

varun-chakravarthy-03

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഏകദിനറാങ്കിങ്ങില്‍ ജഡേജ തന്നെയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ഒന്‍പതാം സ്ഥാനം. ട്വന്‍റി ട്വന്‍റി ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാംസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയ്ക്കുതന്നെയാണ്. ആദ്യപത്തില്‍ മറ്റ് ഇന്ത്യക്കാരില്ല. അക്സര്‍ പട്ടേല്‍ പന്ത്രണ്ടാമതുണ്ട്. 

ENGLISH SUMMARY:

India's Varun Chakravarthy has become the number one bowler in the ICC T20I rankings with 733 rating points. He achieved this milestone after impressive spells against the UAE and Pakistan in the tournament's first two matches. Chakravarthy is the third Indian bowler to top the T20I rankings, after Jasprit Bumrah and Ravi Bishnoi. He reached this career-high after playing only 20 international T20 matches, claiming 35 wickets.