Virat Kohli tying shoe laces of Naseem Shah (Source:@OneCricketApp/X.com)
ഏഷ്യകപ്പിലെ ഹസ്തദാന വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ഇന്ത്യയെ അനുകൂലിച്ചും, പ്രതികൂലിച്ചുമൊക്കെ ചർച്ചകൾ തുടരുന്നു. നായകൻ സൂര്യകുമാർ യാദവിനും, ടീം ഇന്ത്യയ്ക്കുമൊക്കെ സോഷ്യൽ മീഡിയയിൽ കയ്യടികൾ ഏറുന്നുണ്ട്. വംശീയതയും, വിദ്വേഷവും പലപ്പോഴും പ്രകടമാകാറുണ്ടെങ്കിലും കളി ഒരു യുദ്ധമല്ല. കളിയിടം ഒരുയുദ്ധഭൂമിയുമല്ല. അതിർത്തികളും വിദ്വേഷവും ഇല്ലാതാക്കുന്നതിനുള്ള ഇടമാണ് കായിക വേദികൾ. ഒരുമയുടെ സന്ദേശം പൂക്കുന്നിടം. കായിക വേദികളിൽ പ്രധിഷേധങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല അതിനര്‍ഥം.
ഓഹിയോ നദിയിലേയ്ക്ക് ഒളിംപിക് മെഡൽ വലിച്ചെറിഞ്ഞ മുഹമ്മദ് അലി പ്രകടമാക്കിയത് ലോകത്തെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായിരുന്നു. ഒരു വിയറ്റ്നാം കാരനും എന്നെ വംശീയമായി അധിക്ഷേപിച്ചിട്ടില്ല. പിന്നെ ഞാനെന്തിന് വിയറ്റ്നാമിനെതിരെ യുദ്ധം ചെയ്യണം എന്ന് ചോദിച്ച മുഹമ്മദലി. കറുത്തവർഗക്കാർക്കെതിരെയുള്ള വിവേചനത്തിന്‍റെ പേരിൽ ഒളിംപിക് വേദിയിൽ ബ്ലാക് സല്യൂട്ട് നൽകിയ ടോമി സ്മിത്തും, യുവാൻ കാർലോസും നടത്തിയതും കരുത്തുറ്റ പ്രതിഷേധം തന്നെ.
നമുക്കിഷ്ടം, എന്നുവച്ചാൽ മാനവീകതയ്ക്കിഷ്ടം കളിക്കളത്തിലെ പോരിനപ്പുറം തോറ്റവനെ ആശ്വസിപ്പിക്കുന്നവരെയാണ്. അതുകൊണ്ടാണ് നസിം ഷായുടെ ഷൂ ലൈസ് കെട്ടി കൊടുക്കുന്ന വിരാട് കോലി മനസിലിങ്ങനെ കയറിക്കൂടുന്നത്. മിണ്ടാതിരിക്കാനും, ഹസ്തദാനം ചെയ്യാതിരിക്കാനും മാത്രമല്ല, പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കാനുള്ള സാധ്യത കൂടി ടീം ഇന്ത്യക്കുണ്ടായിരുന്നു. അങ്ങനെയും രാജ്യത്തോടും, സൈന്യത്തോടും ഐക്യദാർഡ്യം പ്രകടിപ്പിക്കാനുള്ള അവസരവും.