• കെസിഎല്‍ കിരീടം കൊച്ചി ബ്ലൂ ടൈഗേഴ്സിന്
  • ഫൈനലില്‍ കൊല്ലം സെയിലേഴ്സിനെ തകര്‍ത്തു
  • കൊച്ചി 181/8; കൊല്ലം 106ന് ഓള്‍ഔട്ട്

ടൂർണ്ണമെന്റിലുടനീളം കാഴ്ചവച്ച മിന്നും പ്രകടനത്തിനൊടുവിൽ കെസിഎൽ കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ 75 റൺസിന് തോല്‍പിച്ചാണ് കൊച്ചി, കെസിഎൽ രണ്ടാം സീസണ്‍ ചാംപ്യന്മാരായത്.  ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തകർപ്പൻ ഇന്നിങ്സിലൂടെ ടീമിന് വിജയമൊരുക്കിയ  വിനൂപ് മനോഹരനാണ് പ്ലെയർ ഓഫ് ദി മാച്ച്. ടൂർണ്ണമെന്റിലുടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം. 

അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിങ് തകർച്ച. ഒടുവിൽ അവസാന ഓവറുകളിൽ വീണ്ടും തകർത്തടിച്ച് മികച്ച സ്കോറിലേക്ക്.  ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഇന്നിങ്സിനെ അങ്ങനെ വിശേഷിപ്പിക്കാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയുടേത് ടൂർണ്ണമെന്റിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച തുടങ്ങളിലൊന്നായിരുന്നു. വിപുൽ ശക്തിയെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായെങ്കിലും വിനൂപ് മനോഹരന്റെ അതിമനോഹര ഇന്നിങ്സ് കൊച്ചിയ്ക്ക് തകർപ്പൻ തുടക്കം നല്‍കി. മൂന്നാം ഓവറിൽ മൂന്ന് ഫോറുകൾ നേടിയ വിനൂപ്, അടുത്ത ഓവറിൽ മൂന്ന് ഫോറും ഒരു സിക്സും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ കൊച്ചിയുടെ സ്കോർ അൻപതിലെത്തി. 20 പന്തുകളിൽ വിനൂപ് തന്റെ അർധ സെഞ്ചറിയും പൂർത്തിയാക്കി. ഷറഫുദ്ദീന്റെ അടുത്ത ഓവറിലെ മൂന്ന് പന്തുകൾ വിനൂപ് തുടരെ വീണ്ടും അതിർത്തി കടത്തി. 

എന്നാൽ എട്ടാം ഓവറിൽ എം എസ് അഖിലിനെ പന്തേല്‍പിച്ച സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. അഖിലിനെ ഉയർത്തിയടിക്കാനുള്ള വിനൂപ് മനോഹരന്റെ ശ്രമം പക്ഷെ ക്യാച്ചിലൊതുങ്ങി. ബൗണ്ടറി ലൈനിന് അരികെയുള്ള അഭിഷേക് ജെ നായരുടെ ഉജ്ജ്വല ക്യാച്ച് കളിയുടെ ഗതി തന്നെ മാറ്റിയെഴുതി. 30 പന്തുകളിൽ ഒൻപത് ഫോറും നാല് സിക്സുമുൾപ്പടെ 70 റൺസാണ് വിനൂപ് നേടിയത്. തുടർന്ന് കണ്ടത് കൊച്ചി ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിയുന്ന കാഴ്ച. എട്ട് റൺസെടുത്ത സാലി സാംസൻ അജയഘോഷിന്റെ പന്തിൽ സച്ചിൻ ബേബി പിടിച്ച് പുറത്തായി. മുഹമ്മദ് ഷാനു പത്ത് റൺസിനും അജീഷ് പൂജ്യത്തിനും പുറത്തായി. സെമിയിലെ രക്ഷകനായ നിഖിൽ തോട്ടത്ത് പത്ത് റൺസെടുത്ത് മടങ്ങി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും ജോബിൻ ജോബി 12ഉം മുഹമ്മദ് ആഷിഖ് ഏഴ് റൺസും നേടി പുറത്തായി. എന്നാൽ ആൽഫി ഫ്രാൻസിസിന്റെ  ഉജ്ജ്വല ഇന്നിങ്സ് അവസാന ഓവറുകളിൽ കൊച്ചിയ്ക്ക് തുണയായി. 25 പന്തുകളിൽ 47 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. സെമിയിൽ ടൈം ഔട്ടിലൂടെ പുറത്തായതിന്റെ നിരാശ തീർക്കുന്ന ഇന്നിങ്സ് കൂടിയായിരുന്നു ആൽഫിയുടേത്. കൊല്ലത്തിന് വേണ്ടി പവൻ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.  

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഭരത് സൂര്യയെ പുറത്താക്കി സാലി സാംസൻ കൊച്ചിയ്ക്ക് വഴിത്തിരിവ് സമ്മാനിച്ചു. 13 റൺസെടുത്ത അഭിഷേക് ജെ നായരെ തന്റെ രണ്ടാം ഓവറിൽ പുറത്താക്കിയ സാലി, ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ വത്സൽ ഗോവിന്ദിന്റെ വിക്കറ്റിനും വഴിയൊരുക്കി. പത്ത് റൺസായിരുന്നു വത്സൽ ഗോവിന്ദ് നേടിയത്. തുടർന്നെത്തിയ വിഷ്ണു വിനോദ് ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം ചേരുമ്പോൾ കൊല്ലത്തിന് പ്രതീക്ഷകൾ ബാക്കിയുണ്ടായിരുന്നു. എന്നാൽ 17 റൺസെടുത്ത സച്ചിൻ ബേബി അജീഷിന്റെ പന്തിൽ ക്ലീൻ  ബൌൾഡായതോടെ കളി കൊച്ചിയുടെ വരുതിയിലേക്കെത്തി. 

പി എസ് ജെറിൻ എറിഞ്ഞ എട്ടാം ഓവർ കൊല്ലത്തിന്റെ അവസാന പ്രതീക്ഷകളും തല്ലിക്കെടുത്തി. പത്ത് റൺസെടുത്ത വിഷ്ണു വിനോദിനെ ക്ലീൻ ബൗൾഡാക്കിയ ജെറിൻ, ഓവറിലെ അവസാന പന്തിൽ എം എസ് അഖിലിനെ സാലി സാംസന്റെ കൈകളിലെത്തിച്ചു.അഖിൽ രണ്ട് റൺസായിരുന്നു നേടിയത്. തന്റെ അടുത്ത ഓവറിൽ അപകടകാരിയായ ഷറഫുദ്ദീനെയും പുറത്താക്കി ജെറിൻ കൊച്ചിയ്ക്ക് വിജയമുറപ്പിച്ചു. 23 റൺസുമായി പുറത്താകാതെ നിന്ന വിജയ് വിശ്വനാഥിന്റെ ഇന്നിങ്സാണ് കൊല്ലത്തിന്റെ ഇന്നിങ്സ് 100 കടത്തിയത്. ഒടുവിൽ 106 റൺസിന് കൊല്ലത്തിന്റെ ഇന്നിങ്സിന് അവസാനമാകുമ്പോൾ കൊച്ചിയെ തേടി 75 റൺസിന്റെ വിജയവും കിരീടവുമെത്തി. നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടു കൊടുത്ത മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെറിൻ പിഎസ് ആണ് കൊച്ചി ബോളിങ് നിരയിൽ തിളങ്ങിയത്. രണ്ട് വിക്കറ്റുകൾ നേടിയതിന് പുറമെ മൂന്ന് ഉജ്ജ്വല ക്യാച്ചുകളും കൈപ്പിടിയിലൊതുക്കിയ ക്യാപ്റ്റൻ സാലി സാംസന്റെ പ്രകടനവും കൊച്ചിയുടെ വിജയത്തിൽ നിർണ്ണായകമായി. കെ.എം. ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തി.

പുരസ്കാരദാന ചടങ്ങിൽ ചാംപ്യന്മാർക്കുള്ള കിരീടവും മുപ്പത് ലക്ഷം രൂപയുടെ ചെക്കും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള 20 ലക്ഷം രൂപയുടെ ചെക്ക് കെസിഎൽ ഗവേണിങ് കൗൺസിൽ ചെയർമാൻ നാസിർ മച്ചാൻ കൈമാറി.  ടൂർണ്ണമെന്റിലുടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം. അഖിലിനുള്ള പുരസ്കാരവും 25000 രൂപയുടെ ചെക്കും ബൈക്കും ഇംപീരിയൽ കിച്ചൺ ഉടമ അനസ് താഹ സമ്മാനിച്ചു. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പ് കെസിഎ ട്രഷറർ അബ്ദുൾ റഹ്മാൻ അഖിലിന് കൈമാറി. കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ട്രിവാൺഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദിന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ സമ്മാനിച്ചു. റോയൽസിന്റെ താരമായ അഭിജിത് പ്രവീണിനാണ് എമർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാറാണ് പുരസ്കാരം സമ്മാനിച്ചത്. ഫെയർ പ്ലേ അവാർഡ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് കെസിഎ ട്രഷറർ അബ്ദുൾ റഹ്മാനും  കൂടുതൽ ഫോർ നേടിയ താരത്തിനുള്ള പുരസ്കാരം തൃശൂർ ടൈറ്റൻസിന്റെ അഹ്മദ് ഇമ്രാന് ഫിറ ഫുഡ്സ് സിഇഒ ഷൈനും കൈമാറി.

ENGLISH SUMMARY:

Kochi Blue Tigers clinched the Kerala Cricket League (KCL) title, defeating Kollam Sailers by 75 runs in the final. Chasing a target of 182 runs, Kollam Sailers were bowled out for 106 in the 17th over. PS Jerin took three crucial wickets for Kochi. Captain Sachin Baby scored 17 runs, Vishnu Vinod 10, and Sharafuddin 6. Openers Abhishek Nair and Bharat Surya were dismissed early by captain Sally Samson during the powerplay.