File photo
എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തിൽ വീണ്ടും പ്രതീക്ഷ പങ്കുവച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി പറഞ്ഞ് പോരടിച്ചു നിന്നാൽ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ. അത്തരമാെരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ വീണ്ടും തുടങ്ങിവച്ചത്. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സാഹചര്യം മാറിക്കഴിഞ്ഞു. ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടുവെന്നും സത്യം തുറന്നു പറയുന്നതിനാൽ തന്നെ വർഗീയ വാദിയെന്ന് അധിക്ഷേപിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപി - എന്‍എസ്എസ് ഐക്യനീക്കം ചർച്ച തുടങ്ങുന്നതിന് മുൻപ് തകർന്നിരുന്നു. എങ്കിലും പരസ്പരം ആരോപണം ഉന്നയിക്കാതിരിക്കാന്‍ ഇരുനേതാക്കളും ശ്രദ്ധിച്ചു. എൻഎസ്എസ്–എസ്എൻഡിപി ഐക്യം കാലത്തിന്റെ നീതിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ മാസം വാർത്താസമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെ അതിനെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പെരുന്നയിൽ വാർത്താസമ്മേളനം നടത്തി. ഇതോടെ രാഷ്ട്രീയ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഈ രണ്ട് സമുദായനേതാക്കളിലേക്കായി. എന്നാല്‍ ദിവസങ്ങള്‍ കഴിയും മുന്‍പ് ചിത്രം മാറുന്ന കാഴ്ചയാണ് കണ്ടത്.
ഐക്യം പൂർണമായും അടഞ്ഞ അധ്യായം. രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകും എന്ന സംശയത്തെത്തുടർന്നാണ് ഐക്യവുമായി മുന്നോട്ടുപോകണ്ടെന്ന് താന്‍ പറഞ്ഞതെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യം നടക്കാതെ പോയത് വേറെ ആരുടെയോ ഇടപെടൽ കൊണ്ടാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നായർ, ഈഴവ ഐക്യശ്രമം പരാജയപ്പെട്ടതിൽ വിഷമവും പ്രതിഷേധവുമില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും തള്ളിപ്പറയില്ല. നായർ സമുദായം സഹോദര സമുദായമാണ്. നായർ, ഈഴവ വിശ്വാസങ്ങളും ചോരയും ഒന്നാണ്. ഐക്യനീക്കത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ല, തിരഞ്ഞെടുപ്പു സ്റ്റണ്ടുമല്ല– എസ്എൻ ട്രസ്റ്റ് പ്രത്യേക യോഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.