സ്ലാം ഗേറ്റ് വിഡിയോ പുറത്തുവിട്ട സംഭവത്തില്‍ ലളിത് മോദിക്കും മൈക്കല്‍ ക്ലാർക്കിനും എതിരെ ആഞ്ഞടിച്ച് ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുണ്ടായ ‘സ്ലാംഗേറ്റ്’ സംഭവത്തിന്‍റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് വിമര്‍ശനം. മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കമ്മീഷണർ ലളിത് മോദിക്കും മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മൈക്കല്‍ ക്ലാർക്കിനുമെതിരെ രൂക്ഷ ഭാഷയിലാണ് ഭുവനേശ്വരി പ്രതികരിച്ചത്.
2008-ലെ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിന് ശേഷമുണ്ടായ ‘സ്ലാംഗേറ്റ്’ സംഭവത്തിന്റെ അതുവരെ കാണാത്ത ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ താരത്തിന്റെ ‘ബിയോണ്ട്23 പോഡ്‌കാസ്റ്റിന്റെ’ ഏറ്റവും പുതിയ എപ്പിസോഡിലാണ് മോദിയും ക്ലാർക്കും വെളിപ്പെടുത്തിയത്. പുറത്തുവിട്ട ദൃശ്യങ്ങളിൽ, മത്സരം കഴിഞ്ഞുള്ള ഹസ്തദാനത്തിനിടെ ഹർഭജൻ തന്‍റെ കൈപ്പത്തിയുടെ പുറംകൊണ്ട് ശ്രാശാന്തിനെ അടിക്കുന്നത് കാണാം. ഹർഭജൻ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനായിരുന്നു, ഹര്‍ഭജന്‍റെ ടീം പഞ്ചാബിനോട് 66 റൺസിന് പരാജയപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു,
ശ്രീശാന്തിനെ ക്യാപ്റ്റന്‍ മഹേല ജയവർധന ആശ്വസിപ്പിച്ചു. തുടർന്ന് ഹർഭജൻ വീണ്ടും ശ്രീശാന്തിനടുത്തേക്ക് വന്ന് ആംഗ്യം കാണിച്ചു, അതിനുമുമ്പ് ഇർഫാൻ പഠാനും മഹേലയും ചേർന്ന് സാഹചര്യം ശാന്തമാക്കുന്നതും ദൃശ്യമാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഭുവനേശ്വരി തന്‍റെ പ്രതിഷേധവും വിമര്‍ശനവും അറിയിച്ചത്. ‘ലളിത് മോദിക്കും മൈക്കിള്‍ ക്ലാർക്കിനും നാണമില്ലേ. നിങ്ങളുടെ വിലകുറഞ്ഞ പ്രചാരണത്തിനും വ്യൂസിനും വേണ്ടി 2008-ലെ ഒരു സംഭവം വലിച്ചിഴച്ചു, നിങ്ങൾ മനുഷ്യരല്ല, ശ്രീശാന്തും ഹർഭജനും ആ സംഭവത്തിൽ നിന്ന് വളരെക്കാലം മുന്നോട്ട് പോയിരിക്കുന്നു, അവർ ഇപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളുടെ പിതാക്കന്മാരാണ്, എന്നിട്ടും നിങ്ങൾ അവരെ ഒരു പഴയ മുറിവിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു. തികച്ചും അറപ്പുളവാക്കുന്നതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി’ എന്നാണ് ഭുവനേശ്വരി കുറിച്ചത്.
ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ തന്‍റെ കുടുംബത്തിനു വലിയ വേദനയുണ്ടാക്കിയെന്നും കളിക്കാരെ മാത്രമല്ല ഒരു തെറ്റും ചെയ്യാതെ നാണക്കേടും ചോദ്യങ്ങളും നേരിടേണ്ടിവരുന്ന അവരുടെ നിഷ്ക്കളങ്കരായ കുട്ടികളെ മുറിവേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഭുവനേശ്വരി പറയുന്നു. ഈ സംഭവത്തിനു പിന്നാലെ എട്ട് മത്സരങ്ങളിൽ നിന്ന് ഹര്‍ഭജന് സസ്പെൻഷൻ ലഭിച്ചു. അടുത്തിടെ രവിചന്ദ്രൻ അശ്വിന്റെ യൂട്യൂബ് ചാനലിൽ ഹർഭജൻ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. താന്‍ ചെയ്തത് ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നുവെന്നും 200 തവണ മാപ്പ് പറഞ്ഞുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.