ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ നിരന്തരം തഴയുന്നതില്‍ ഒടുവില്‍ തുറന്നടിച്ച് മുഹമ്മദ് ഷമി. താന്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ ആര്‍ക്കാണ് ബുദ്ധിമുട്ടുള്ളതെന്ന് തുറന്നു പറഞ്ഞാല്‍ നന്നായിരുന്നു. ഞാന്‍ വിരമിച്ചതുകൊണ്ട് അവരുടെ ജീവിതം മെച്ചപ്പെടുമെങ്കില്‍ അങ്ങനെ ആകാമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. തളര്‍ന്ന് പിന്നോട്ട് മാറാന്‍ ഉദ്ദേശമില്ലെന്നും 2027-ലെ ഏകദിന ലോകകപ്പാണ് ലക്ഷ്യമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

'ആര്‍ക്കാണ് എന്നോട് പ്രശ്നമുള്ളത്? തുറന്നു പറയൂ. ഞാന്‍ വിരമിച്ചാല്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെടുമോ? എനിക്ക് എപ്പോള്‍ മടുക്കുന്നോ അന്നേ ഞാന്‍ കളി നിര്‍ത്തുകയുള്ളൂ. നിങ്ങള്‍ എന്നെ ടീമിലെടുത്തില്ലെങ്കിലും എന്‍റെ കഠിനാധ്വാനം ഞാന്‍ തുടരും. രാജ്യാന്തര മത്സരങ്ങളില്‍ എന്നെ കളിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കും. എവിടെയെങ്കിലുമൊക്കെയായി ഞാന്‍ കളി തുടരുക തന്നെ ചെയ്യും. വിരമിക്കല്‍ തീരുമാനം മനുഷ്യര്‍ മടുക്കുമ്പോള്‍ എടുക്കുന്നതാണ്. എന്തായാലും എനിക്കതിന് ഇപ്പോള്‍ നേരമില്ല'- താരം വിശദീകരിച്ചു.

2027-ല്‍ ഏകദിന ലോകകപ്പ് നേടുകയെന്ന സ്വപ്നം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും 2023-ല്‍ കപ്പിന് തൊട്ടരികെ എത്തിയിട്ടും ദൗര്‍ഭാഗ്യം കൊണ്ടാണ് നഷ്ടമായതെന്നും ഷമി പറയുന്നു. 'ഏകദിന ലോകകപ്പ് നേടുന്ന ടീമിന്റെ ഭാഗമാകണമെന്നും കപ്പ് നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയണമെന്നുമാണ് എന്‍റെ ആഗ്രഹം. ഞങ്ങള്‍ക്കൊരു കുറ്റബോധം ഉള്ളിലിരുന്ന് നീറുന്നുണ്ട്. അന്ന് നോക്കൗട്ടില്‍ എത്തിയപ്പോള്‍ അകാരണമായൊരു ഭയം കടന്നുകൂടി. പക്ഷേ ആരാധകര്‍ ഞങ്ങളെ അകമഴിഞ്ഞ് പിന്തുണച്ചു. എന്നിട്ടും കപ്പ് നേടാന്‍ കഴിഞ്ഞില്ല'- ഷമി 2023-ലെ നഷ്ടം ഓര്‍ത്തെടുത്തു.

ടീം ഇന്ത്യയ്ക്കൊപ്പം ചേരാന്‍ താന്‍ പൂര്‍ണമായും തയാറായിക്കഴിഞ്ഞുവെന്നും കഴിഞ്ഞ രണ്ട് മാസമായി കഠിനമായ പരിശീലനത്തിലാണെന്നും ഷമി വെളിപ്പെടുത്തി. ഭാരം കുറച്ചും ക്ഷമത കൂട്ടിയും താന്‍ പാകപ്പെട്ടുവെന്നും ലോങ് സ്പെല്ലുകള്‍ എറിയാനും താളം കണ്ടെത്തുന്നതിലുമാണ് താന്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രതീക്ഷയുണ്ടെന്നും ഷമി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ അവസാന നിമിഷം ഫിറ്റ്നസ് തെളിയിക്കാനായില്ലെന്നും താരം പറയുന്നു. 64 ടെസ്റ്റുകളും 108 ഏകദിനങ്ങളുമാണ് ഷമി ഇന്ത്യയ്ക്കായി കളിച്ചത്. എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 462 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

ENGLISH SUMMARY:

Mohammed Shami expresses his frustration over being repeatedly excluded from the Indian team. He aims to play in the 2027 ODI World Cup and is focused on his fitness and performance.