രാഹുൽ ചന്ദ്രന്‍
കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് രണ്ട് റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ കൗമാര താരം മുഹമ്മദ് ഇനാനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്ന് ആലപ്പിക്ക് മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ ആലപ്പി നേടിയത് 61 റൺസ്. 24 റൺസെടുത്ത് അസറുദ്ദീൻ ആദ്യം പുറത്തായി. മറുവശത്ത് തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ ജലജ് സക്സേനയുടെ ഇന്നിങ്സാണ് ആലപ്പിയ്ക്ക് കരുത്തായത് 50 പന്തുകളിൽ ഒൻപത് ഫോറും നാല് സിക്സുമടക്കം 85 റൺസായിരുന്നു ജലജ് സക്സേന നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എ അരുണും മുഹമ്മദ് ഇനാനും ചേർന്ന കൂട്ടുകെട്ടാണ് ആലപ്പിയുടെ സ്കോർ 182ൽ എത്തിച്ചത്. ഒൻപത് പന്തുകളിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 21 റൺസാണ് ഇനാൻ നേടിയത്. ഇന്ത്യൻ അണ്ടർ 19 താരം കൂടിയാണ് മുഹമ്മദ് ഇനാൻ. കൊല്ലത്തിന് വേണ്ടി ഷറഫുദ്ദീൻ, എം എസ് അഖിൽ, എ ജി അമൽ, അജയഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ കൊല്ലത്തിന്‍റെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് തുടക്കം മുതൽ പിഴച്ചു. രണ്ടാം ഓവറിൽ തന്നെ അഭിഷേക് ജെ. നായർ മടങ്ങി. പതിവ് ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ട വിഷ്ണു വിനോദിനെയും സച്ചിൻ ബേബിയെയും ഒരേ ഓവറിൽ മടക്കി രാഹുൽ ചന്ദ്രൻ ആലപ്പിയ്ക്ക് മുൻതൂക്കം നല്കി. വിഷ്ണു വിനോദ് 22 റണ്‍സും സച്ചിൻ ബേബി 18 റണ്‍സും നേടി.
അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി ഷറഫുദ്ദീൻ കൊല്ലത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ നാലാം പന്തിൽ ഷറഫുദ്ദീൻ പുറത്തായതോടെ ആലപ്പുഴ കളി വരുതിയിലാക്കി. 22 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 41 റൺസാണ് ഷറഫുദ്ദീൻ നേടിയത്. നാലോവറിൽ 26 റൺസ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചന്ദ്രനാണ് ആലപ്പിയുടെ ബൗളിങ് നിരയിൽ കൂടുതൽ തിളങ്ങിയത്. മുഹമ്മദ് ഇനാന്‍ നാലോവറിൽ 40 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ അഞ്ച് മല്‍സരങ്ങളിൽ നിന്ന് നാല് പോയിന്‍റുമായി ആലപ്പി റിപ്പിൾസ് അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു.