dream-11-add

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ക്രിക്കറ്റ് താരങ്ങളുടെ വരുമാനത്തില്‍  കോടികളുടെ ഇടിവ്. ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഗെയിമിങ് പ്ലാറ്റ്ഫോമുകളുമായി സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ട്. രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍  ഡ്രീം ഇലവന്റെ പരസ്യത്തിലെ പതിവ് മുഖങ്ങള്‍. 

 ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ്, ജയ്സ്വാള്‍ എന്നിവര്‍ മൈ 11 സര്‍ക്കിള്‍ ആപ്പിന്റെ പരസ്യത്തിലും പ്രത്യക്ഷപ്പെടുന്നു.  വിരാട് കോലി എംപിഎല്ലിന്റെയും എംഎസ് ധോണി വിന്‍സോ ഗെയിമിങ് കമ്പനിയുടെയും അംബാസഡര്‍മാര്‍. ഫാന്റസി ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്‍ പാര്‍ലമെന്റില്‍ പാസായതോടെ  താരങ്ങള്‍ക്ക് കരാര്‍ നഷ്ടമായി.

എംപിഎല്‍ ആപ്പുമായി ഒരുവര്‍ഷം സഹകരിക്കുന്നതിന് വിരാട് കോലിക്ക് ലഭിക്കുന്നത് 12 കോടി രൂപയോളമാണ്.  രോഹിത് ശര്‍മയ്ക്കും എം.എസ്.ധോണിക്കും ഏഴുകോടി രൂപവരെ ഫാന്റസി ഗെയിമിങ് ബ്രാന്റുകളുടെ പരസ്യത്തില്‍ നിന്ന് ലഭിക്കുന്നെന്നാണ് കണക്ക്. ഒരുകോടി രൂപയുടേതാണ് താരങ്ങളുമായുള്ള കുറഞ്ഞ കരാര്‍. ക്രിക്കറ്റ് താരങ്ങള്‍ക്ക് 150 മുതല്‍ 200 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് അവരുടെ പരസ്യവരുമാനത്തിന്റെ 10 ശതമാനം മാത്രമേ ഗെയിമിങ് കമ്പനികളുടെ കരാറില്‍ നിന്നൊള്ളു. എന്നാല്‍ വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയ താരങ്ങളുടെ പരസ്യവരുമാനത്തിന്റെ ഭൂരിഭാഗവും കരാര്‍ റദ്ദാക്കപ്പെടുന്നതോടെ ഇല്ലാതാകും. 

ഐപിഎല്‍ ടീമുകള്‍ക്കും സാമ്പത്തിക നഷ്ടം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ നിന്ന് ഡ്രീം ഇലവന്‍ പിന്‍മാറിയിരുന്നു. ഐപിഎല്‍ ടീമുകളുടെ കരാറില്‍ നിന്നും ഫാന്റസി ഗെയിമിങ് കമ്പനികള്‍ക്ക് പിന്‍മാറേണ്ടി വരും. ഐപിഎല്ലിന്റെ അസോസിയറ്റ് സ്പോണ്‍സര്‍മാരായ മൈ 11 സര്‍ക്കിള്‍ പ്രതിവര്‍ഷം 125 കോടി രൂപയാണ് ബിസിസിഐയ്ക്ക് നല്‍കുന്നത്. അഞ്ചുവര്‍ഷത്തേക്കുള്ള കരാറില്‍ ഇനിയും മൂന്നുവര്‍ഷം അവശേഷിക്കുന്നു. ഇതോടെ വരും സീസണുകളില്‍ ബിസിസിഐയ്ക്ക് പുതിയ അസോസിയറ്റ് സ്പോണ്‍സര്‍മാരെ അന്വേഷിക്കേണ്ടിവരും. ഐപിഎല്‍ മാത്രമല്ല ലെജന്റ്സ് ലീഗ് മുതല്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന ടൂര്‍ണമെന്റുകളെ വരെ ഗെയിമിങ് പ്ലാറ്റഫോമുകളുടെ നിയന്ത്രണം ബാധിക്കും. 

പരസ്യത്തില്‍ അഭിനയിച്ചാലും ശിക്ഷ

ഓണ്‍ലൈന്‍ ചൂതാട്ടവും ബെറ്റിങ്ങും പ്രോല്‍സാഹിപ്പിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയത്.  സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് മൂന്ന് വര്‍ഷം തടവോ ഒരു കോടി രൂപ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും. ഗെയിമുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. പരസ്യത്തില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും അത് ബാധകമാകും. 

ENGLISH SUMMARY:

Online Gaming Ban Impact has significantly reduced the income of cricket stars due to new regulations on online gaming apps. These regulations affect sponsorship deals and endorsements with fantasy gaming platforms, leading to substantial financial losses for both players and IPL teams.