കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് ബാറ്റിങുമായി സഞ്ജു സാംസണ്‍. 42 പന്തില്‍ നിന്നാണ് താരം കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സെഞ്ചറി നേടിയത്. ഏഷ്യാ കപ്പ് അടുത്തിരിക്കെ ഓപ്പണറായുള്ള സഞ്ജുവിന്‍റെ പ്രകടനം മാനേജ്മെന്‍റിന്‍റെ കണ്ണുതുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 51 പന്തില്‍ നിന്ന് 121 റണ്‍സാണ് സ‍ഞ്ജു അടിച്ചു കൂട്ടിയത്. കെസിഎലില്‍ സ‌ഞ്ജുവിന്‍റെ കന്നി സെഞ്ചറിയാണിത്. 

യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ട്വന്‍റി20ക്കുള്ള 15 അംഗ ടീമില്‍ സഞ്ജു ഇടംനേടിയിരുന്നു. ട്വന്‍റി 20യില്‍ സഞ്ജു ഓപ്പണറായാണ് ഇറങ്ങിയിരുന്നതെങ്കിലും ദീര്‍ഘകാലത്തിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗില്ലിനായി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി വരുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. വൈസ് ക്യാപ്റ്റനായാണ് ഗില്‍ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇതിനിടയിലാണ് ഓപ്പണറായി മികച്ച പ്രകടനം സഞ്ജു വീണ്ടും പുറത്തെടുത്തത്. 

വെറും 16 പന്തില്‍ സഞ്ജു അര്‍ധ സെ‍ഞ്ചറി പിന്നിട്ടു.  പിന്നീട്ട് കൊല്ലം സെയ്​ലേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചു പറത്തി. 14 ഫോറും ഏഴ് സിക്സറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. പ്ലെയര്‍ ഓഫ് ദി മാച്ച് ഏറ്റുവാങ്ങിയ ശേഷം നാട്ടുകാര്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ കുറച്ച് പാടാണെന്നായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം. കൊല്ലം സെയ്​ലേഴ്സ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം പുഷ്പം പോലെ സഞ്ജുവിന്‍റെ കൊച്ചി ബ്ലൂ ടൈഗേഴ്സ് മറികടന്നു. 

ഏഷ്യാകപ്പില്‍ ഗില്ലിനെ ഓപ്പണറാക്കിയാല്‍ സഞ്ജു അഞ്ചാമനായി ഇറങ്ങേണ്ടി വരും. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിച്ചപ്പോഴൊന്നും സഞ്ജുവിന് ശോഭിക്കാനായിരുന്നില്ല. അതേസമയം ഓപ്പണറായി മികച്ച പ്രകടനവുമാണ് താരം പുറത്തെടുത്തിട്ടുള്ളത്. അതിനിടെ അസുഖം മൂലം ശുഭ്മന്‍ ഗില്‍ വിശ്രമത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ശാരീരികക്ഷമത വീണ്ടെടുത്ത് ഗില്‍ ടീമിനൊപ്പം ചേര്‍ന്നാലും എല്ലാ മല്‍സരങ്ങളും കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ENGLISH SUMMARY:

Sanju Samson's explosive century in the Kerala Cricket League has turned heads. The innings puts pressure on team management ahead of the Asia Cup, highlighting his potential as an opener.