തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലെ നവീകരിച്ച വെളിച്ച ശബ്ദ-സംവിധാനത്തിന് കീഴിൽ സഞ്ജു സാംസന്റെ സാമ്പിൾ വെടിക്കെട്ട്. പുതിയ ഫ്ലാറ്റ് ലിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ സഞ്ജു നയിച്ച കെ സി എ സെക്രട്ടറി ഇലവൻ സച്ചിൻ ബേബിയുടെ പ്രസിഡൻറ് ഇലവിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചു. സഞ്ജു 35 പന്തിൽ 54 റൺസ് എടുത്തു.
ഈ വർഷത്തെ IPL സീസണിനു ശേഷം ഫ്ലഡ് ലിറ്റിൽ ആദ്യമായിറങ്ങിയ സഞ്ജു സാംസൺ ആരാധകർക്ക് ആർപ്പുവിളിക്കാൻ ധാരാളം അവസരമൊരുക്കി. മൂന്ന് സിക്സറും രണ്ട് ബൗണ്ടറിയും ഉൾപ്പടെ 54 റൺസ് നേടി ടീമിന്‍റെ വിജയം ഉറപ്പാക്കി. നേരത്തെ ടോസ് നേടിയ സെക്രട്ടറി ഇലവൻ സച്ചിൻ ബേബി നയിച്ച പ്രസിഡൻ്റ് ഇലവനെ ബാറ്റിങ്ങിന് അയച്ചു രോഹൻ കുന്നുമ്മൽ 29 പന്തിൽ നേടിയ 69 റൺസിന്‍റെ ബലത്തിൽ 8 വിക്കറ്റിന് 184 റൺസ് നേടി.
18 കോടി രൂപ മുടക്കി സ്ഥാപിച്ച പുതിയ എൽഇഡി വെളിച്ച സംവിധാനം കടകംപള്ളി സുരേന്ദ്രൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. തുടർന്ന് വർണക്കാഴ്ചയേകി ലേസർ ഷോ. ഏതൊരു രാജ്യാന്തര മൽസരത്തിനും ആതിഥ്യമേകാൻ തയാറെന്ന് പ്രഖ്യാപിക്കുന്നതായി കാര്യവട്ടത്തെ പ്രദർശന മൽസരവും സ്റ്റേഡിയത്തിലെ പുതിയ വെളിച്ചവിതാനവും.