sanju-samson

രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ച സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ എവിടെ കളിക്കും എന്നതിലാണ് ആകാംക്ഷ. തുടക്കം കേട്ടത് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും പേരുകളാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ താല്‍പര്യങ്ങള്‍ ചെന്നൈയിലേക്കുള്ള വഴി അടച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇനി സഞ്ജുവിന് മുന്നിലുള്ള ലക്ഷ്യം എന്താണ്. 

‘കേരളത്തിലെ ട്രോളന്‍മാര്‍ എന്റമ്മോ ഒരു രക്ഷയുമില്ല, എന്താ ക്രിയേറ്റിവിറ്റി...’

മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഐ.പി.എല്‍ ടീം മാറ്റത്തെ പറ്റിയും ചോദ്യമുണ്ടായിരുന്നു. 

തമിഴ് അറിയാം, ചെന്നൈയിലേക്ക് പോകാന്‍, തമിഴ് കൂടുതലായി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ടോ എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇല്ല, തമിഴ് അറിയാം എന്നായിരുന്നു ഇതിന് ചിരിച്ചുകൊണ്ടുള്ള സഞ്ജുവിന്‍റെ മറുപടി. ബംഗാളി പഠിക്കേണ്ടി വരുമോ എന്നുള്ള അടുത്ത ചോദ്യത്തിനും ഇല്ലെന്നാണ് സഞ്ജു പ്രതികരിച്ചത്. തല്‍ക്കാലം ഹിന്ദി മതിയോ എന്നായി പിന്നീടുള്ള ചോദ്യം. താല്‍ക്കാലം മലയാളം മതിയെന്നായിരുന്നു മറുപടി. 

അതേസമയം, രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ട്രേഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ട്രേഡില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള താരങ്ങളുടെ വിവരം രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്തന്‍ ഫ്രാഞ്ചൈസിക്ക് കൈമാറിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് സ്പിന്നറെയാണ് ആവശ്യം. എന്നാല്‍ സുനില്‍ നരെയ്നെയോ വരുണ്‍ ചക്രവര്‍ത്തിയെയോ വച്ച് സഞ്ജുവിനെ ട്രേഡ് ചെയ്യുന്നതിനെ പറ്റി കൊല്‍ക്കത്ത ചിന്തിക്കുന്നില്ല. 

ഫോണില്‍ ആരെന്ന് ചാരു, ജോസേട്ടനെന്ന് മറുപടി; ആര് ജോസ് ബട്‌ലറോ?

ആങ്ക്രിഷ് രഘുവന്‍ശി, ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങ് എന്നിവരെ കൊല്‍ക്കത്ത ട്രേഡ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നു എന്നാണ് വിവരം. താരങ്ങളെ വച്ചുള്ള സ്വാപ് ഡീല്‍ നടന്നില്ലെങ്കില്‍ പണം നല്‍കി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് സാധ്യതയെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. സഞ്ജുവിനെ ടീമിലെത്തിക്കുന്നതിലൂടെ വിക്കറ്റ് കീപ്പറെയും ടോപ്പ് ഓര്‍ഡര്‍ ശക്തമാക്കാനുമാണ് രാജസ്ഥാന്‍ ഉദ്ദേശിക്കുന്നത്. അജിന്‍ക്യ രഹാനയെ ഒഴിവാക്കിയാല്‍ സഞ്ജു ടീമിനെ നയിക്കാനും സാധ്യതയുണ്ട്.

ENGLISH SUMMARY:

Sanju Samson is the focus of IPL trade rumors, with potential moves to Kolkata Knight Riders. The Rajasthan Royals are reportedly looking for a trade involving Samson, but face challenges in securing a suitable deal with Kolkata.