ഐപിഎല്‍ 2026 സീസണില്‍ നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ വിലക്കിയ ബിസിസിഐ നടപടിക്കെതിരെ തുറന്നടിച്ച് ശശി തരൂര്‍ എംപി. രാഷ്ട്രീയം ഇങ്ങനെ സ്പോര്‍ട്സില്‍ കലര്‍ത്തേണ്ടതില്ലെന്നും ബിസിസിഐയുടെ നടപടി അപലപനീയമാണെന്നും തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മിനി ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 9.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമായിരുന്നു മുസ്തഫിസുര്‍. താരത്തെ റിലീസ് ചെയ്യാന്‍ കൊല്‍ക്കത്തയോട് ബിസിസിഐ ആവശ്യപ്പെട്ടതിന് പിന്നാലെ അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ബംഗ്ലദേശ് ടീമിനെ അയ്ക്കുന്നില്ലെന്ന് ബിസിബിയും തീരുമാനമെടുത്തു. Also Read: ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലാദേശ്; അപ്രതീക്ഷിത തീരുമാനവുമായി ഐസിസി
കായികരംഗത്തെ ഇങ്ങനെ രാഷ്ട്രീയവല്‍കരിക്കേണ്ടതില്ല. ബിസിസിഐ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂര്‍ വ്യക്തമാക്കി. ഐപിഎലിന്‍റെ കാര്യമെടുത്താല്‍ പൂളില്‍ താരങ്ങളെ ഉള്‍പ്പെടുത്തിയത് ബിസിസിഐ ആണ്. അതില്‍ നിന്നാണ് കൊല്‍ക്കത്ത ആളുകളെ തിരഞ്ഞെടുത്തത്. അതിന്‍റെ പേരില്‍ അവരെ കുറ്റപ്പെടുത്തുകയും സൈബര്‍ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്നതിന്‍റെ യുക്തിയെന്താണെന്നും തരൂര്‍ ചോദ്യമുയര്‍ത്തുന്നു. 'പാക്കിസ്ഥാനല്ല ബംഗ്ലദേശ്. അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അവര്‍ ഭീകരവാദികളെ കയറ്റി അയയ്ക്കുന്നില്ല. താരതമ്യം ചെയ്യപ്പെടേണ്ട ഒന്നും അതില്‍ ഇല്ല. ഈ രണ്ട് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധവും തീര്‍ത്തും വ്യത്യസ്തമാണ്.ബംഗ്ലദേശിനോടുള്ള നയം വേറെ പാക്കിസ്ഥാനോടുള്ള നയം വേറെ. കേവല സമവാക്യത്തില്‍ ഇതുരണ്ടും ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ല'- തരൂര്‍ വിശദീകരിച്ചു.
നിലവിലെ വിവാദങ്ങള്‍ മറ്റൊരു ധാര്‍മികമായ ചോദ്യം ഉയര്‍ത്തുന്നുവെന്നും തരൂര്‍ പറയുന്നു. സ്പോര്‍ട്സില്‍,പ്രത്യേകിച്ചും ക്രിക്കറ്റ് മാത്രം എന്തിനാണ് ഇങ്ങനെ സമൂഹമാധ്യമങ്ങളുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്? ബംഗ്ലദേശിനോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ മറ്റെന്തെല്ലാം മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പക്ഷേ എന്നാലും ക്രിക്കറ്റിലൂടെയാണ് പ്രതികരണം. ഒരു കളിക്കാരനെ ലക്ഷ്യമിട്ടാണ് ആക്രമണം, അയാളാണെങ്കില്‍ ഇന്നേ വരെ ഇന്ത്യയ്ക്കെതിരെയോ, ബംഗ്ലദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയോ ഒന്നും പറയാത്ത ഒരാളും. അയാളൊരു കായികതാരമാണ്. ഇവിടെ ഇരവാദം ഉയര്‍ത്താന്‍ നമ്മള്‍ ആരാണ്?' –തരൂര്‍ ചോദിക്കുന്നു.
സമൂഹമാധ്യമങ്ങളിലെ ബഹളം കണ്ട് ബംഗ്ലദേശി ക്രിക്കറ്റര്‍മാരെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ എന്ത് സന്ദേശമാണ് നമ്മള്‍ കൊടുക്കുന്നത് എന്നും തരൂര്‍ പറയുന്നു. ബംഗ്ലദേശ് ടീമിലെ ലിട്ടന്‍ ദാസോ സൗമ്യ സര്‍ക്കാരോ വന്നാലും ഇതേ സമീപനം സ്വീകരിക്കുമോ? എന്ന് മുതലാണ് ഹിന്ദുക്കളായ ബംഗ്ലദേശി ക്രിക്കറ്റ് താരങ്ങളോടില്ലാത്ത അസഹിഷ്ണുത നമുക്ക് ബംഗ്ലദേശി മുസ്ലിം താരങ്ങളോട് മാത്രം തോന്നത്? ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണ് ഈ നടപടി. ഇന്ത്യയുടെ നയതന്ത്രത്തിനും ഉഭയകക്ഷി ബന്ധങ്ങള്‍ക്കും കളങ്കമാണ്. ഇന്ത്യയുടെ അന്തസത്തയ്ക്കും സംസ്കാരത്തിനും യോജിച്ച നടപടിയല്ലെന്നും തരൂര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, ട്വന്‍റി20 ലോകകപ്പിനുള്ള ബംഗ്ലദേശ് ടീമിനെ പ്രഖ്യാപിച്ചു. ലിട്ടന്‍ ദാസാണ് ക്യാപ്റ്റന്‍. മുഹമ്മദ് സെയ്ഫ് ഹസന്‍, തന്‍സിദ് ഹസന്‍ തമീം, പര്‍വേസ് ഹുസൈന്‍ ഇമന്‍, തൗഹിദ് ഹൃദോയ്, ഷമിം ഹുസൈന്‍, നുറുല്‍ ഹസന്‍ സോഹന്‍, മഹേദി ഹസന്‍, റിഷാദ് ഹുസൈന്‍, നസൂം അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, തന്‍സിം ഹസന്‍ സാക്കിബ്, തസ്കിന്‍ അഹമ്മദ്, മുഹമ്മദ് ഷെയ്ഫുദ്ദിന്‍ , ഷോരിഫുള്‍ ഇസ്ലാം എന്നിവരാണ് ടീമില്‍. ഇന്ത്യയില്‍ കളിക്കില്ലെന്ന് ബംഗ്ലദേശ് വ്യക്തമാക്കിയ സ്ഥിതിക്ക് മല്‍സരങ്ങള്‍ ശ്രീലങ്കയില്‍ വച്ച് നടത്തിയേക്കാന്‍ സാധ്യതയുണ്ട്.