ഐപിഎൽ മത്സരത്തിനായി ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത ടീമിലേക്ക് തിരഞ്ഞെടുത്തതിന്‍റെ പേരിൽ ഷാറൂഖ് ഖാനെതിരെ ആക്രമണം ശക്തമാക്കി സംഘപരിവാർ സംഘടനകൾ. താരത്തിന്‍റെ നാവരിയുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ് മീരാ റാത്തോഡ് രംഗത്തെത്തി. ഷാറൂഖ് ഖാന് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന ബിജെപി നേതാവ് സംഗീത് സിങ് സോമിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണിത്.
അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ ആഗ്ര ജില്ലാ യൂണിറ്റിന്‍റെ പ്രസിഡന്‍റാണ് മീര റാത്തോഡ്. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎൽ ഫ്രാഞ്ചൈസിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് റാത്തോഡ് ഷാറൂഖിന്‍റെ പോസ്റ്ററുകളിൽ കറുപ്പ് പൂശുകയും ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്തു.
''ബംഗ്ലാദേശിൽ നമ്മുടെ ഹിന്ദു സഹോദരന്മാരെ ജീവനോടെ കത്തിക്കുന്നു, ... ഷാറൂഖ് അവിടെ നിന്ന് കളിക്കാരെ വാങ്ങുകയാണ്...... അത് അനുവദിക്കില്ല,'' എന്നായിരുന്നു മാധ്യമപ്രവർത്തകരോട് മീരാ റാത്തോഡ് പറഞ്ഞത്. ബിസിസിഐ അംഗീകരിച്ച ലേലപട്ടികയിൽ നിന്ന് ഒരു താരത്തെ ടീമിലെടുത്തതിന്‍റെ പേരിലാണ് ഷാറൂഖിനെതിരെ പ്രതിഷേധം കടുക്കുന്നത്.
ഷാരൂഖ് ഖാന്‍റെ പ്രശസ്തിക്ക് കാരണം രാജ്യത്തെ ജനങ്ങളാണെന്ന് അഖിലേന്ത്യാ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു. ''അദ്ദേഹം ജനങ്ങളുടെ വികാരങ്ങളെ മാനിക്കണം,'' മഹന്ത് പറഞ്ഞു. നടന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മറ്റൊരു സന്യാസിയായ ദിനേശ് ഫലാഹാരി മഹാരാജ് വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് കത്തെഴുതി. കത്തിൽ ഷാറൂഖിനെ ബംഗ്ലാദേശിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യയും ബംഗ്ലദേശുമായുള്ള നയതന്ത്ര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലദേശിന്‍റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസുറിനെ അടുത്ത സീസണില്‍ നിന്നൊഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചു. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബിസിസിഐ നിര്‍ദേശം നല്‍കി. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സാക്കിയയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഇക്കാര്യം വ്യക്തമാക്കിയത്.