sanju-plan

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് സഞ്ജു വി.സാംസണെപ്പോലെ ചര്‍ച്ചാവിഷയമായിരിക്കുന്ന മറ്റൊരുതാരമില്ല. രാജസ്ഥാന്‍ റോയല്‍സുമായി പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് സഞ്ജു ഇറങ്ങുമെന്ന് ഐ.പി.എല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ക്രിക്കറ്റ് ജ്യോത്സ്യന്‍മാര്‍ പ്രവചനം തുടങ്ങി. പിന്നാലെ ക്രിക്കറ്റ് വിശാരദന്മാരും മുന്‍ക്രിക്കറ്റ് താരങ്ങളും അത് ഏറ്റെടുത്തു. ഏതാനും വര്‍ഷം മുമ്പുവരെ ദേശീയ ടീമില്‍ മഹേന്ദ്ര സിങ് ധോണിയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ടിരുന്ന സഞ്ജു, ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍ എം.എസ്.ഡിക്ക് പകരക്കാരനാകുമെന്നാണ് വാര്‍ത്തകളില്‍ നിറയുന്നത്.

തന്‍റെ ആദ്യ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് പോകുമെന്നാണ് മറ്റൊരു വാര്‍ത്ത. ദേശീയ ടീമില്‍ സഞ്ജുവിന്‍റെ ഇടം സംബന്ധിച്ചാണ് വേറൊരുചര്‍ച്ച. വരുന്ന ഏഷ്യാകപ്പില്‍ സഞ്ജുവിന് ഇടം കിട്ടുമോ ? തുടര്‍ന്ന് ലോകകപ്പ് വരെ നീളുന്ന മല്‍സരങ്ങളില്‍ സഞ്ജുവിന്‍റെ സാധ്യതകള്‍ എത്രത്തോളം? ഇത്തരം വാര്‍ത്തകളുടെ ഇരമ്പലിന് മധ്യേയാണ് സഞ്ജു മനോരമ ന്യൂസുമായി സംസാരിക്കുന്നത്.

തിരുവനന്തപുരത്ത് ഹയാത് റിജന്‍സിയില്‍ ആദ്യം കാണുമ്പോള്‍ തന്നെ സഞ്ജു പറഞ്ഞു. ചെന്നൈയില്‍ എന്നുപോകും, കൊല്‍ക്കത്തയില്‍ ചേര്‍ന്നോ ഇതൊക്കെയാകും ചോദിക്കുക അല്ലേ എന്ന് ? കേരള ക്രിക്കറ്റ് ലീഗ് മല്‍സരങ്ങളോടനുബന്ധിച്ചാണ് സഞ്ജു തിരുവനന്തപുരത്ത് എത്തിയത്. ലീഗില്‍ ഏറ്റവുംകൂടിയ തുകയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കിയത് കൊച്ചി ബ്ലൂ ടൈഗേഴ്സാണ്. അതിന്‍റെ ക്യാപ്റ്റനാകട്ടെ സഞ്ജുവിന്‍റെ ചേട്ടന്‍ സാലി വി. സാംസണും. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീരമായി മുന്നേറുന്ന ജോ റൂട്ട് സഹകളിക്കാരനായിരുന്നു. അങ്ങനെ പലരും. അതേ സഞ്ജുവാണ് ഇപ്പോള്‍ ചേട്ടന്‍ ക്യാപ്റ്റന്‍സിയില്‍ ഉപനായകനായി കൊച്ചിക്ക് വേണ്ടി ഇറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സഞ്ജു അതിനെ വളരെ ഹൃദ്യമായ അനുഭവമായാണ് കാണുന്നത്. ലീഗില്‍ കളിക്കുന്നവരെല്ലാം കൂട്ടുകാര്‍. ചിലര്‍ ജൂനിയര്‍ തലത്തില്‍ ഒപ്പം കളിച്ചവര്‍. അങ്ങനെ വീട്ടുമുറ്റത്ത് രാജ്യാന്തര നിലവാരത്തിലുള്ള കളി പുറത്തെടുക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം സഞ്ജു മറച്ചുവയ്ക്കുന്നില്ല.

രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സിന് സഞ്ജുപോയത് പത്തുപതിനൊന്നുവര്‍ഷം മുമ്പ് രാഹുല്‍ ദ്രാവിഡിന്‍റെ മുന്നിലാണ്. ദ്രാവിഡുമായി അന്നുതുടങ്ങിയ ബന്ധം ഇന്നും ഒരുപോറലുമേല്‍ക്കാതെ തുടരുന്നത് വലിയ കാര്യമായി സഞ്ജു കാണുന്നു. എപ്പോഴും ഒരു മെസേജിനപ്പുറം രാഹുല്‍ സാര്‍ ഉണ്ട് എന്നാണ് സഞ്ജു പറയുക. ക്രിക്കറ്റ്, ശാരീരിക ക്ഷമത, വ്യക്തിജീവിതം അങ്ങനെ എല്ലാ പ്രശ്നങ്ങളും രാഹുലുമായി പങ്കിടും. ഉടന്‍ പ്രതികരണവും കിട്ടും. രാഹുല്‍ ദ്രാവിഡിന്‍റെ വാതിലുകള്‍ തന്‍റെ മുന്നില്‍ എന്നും തുറന്നിട്ടിരിക്കുകയാണെനന്ന് സഞ്ജുവിന്‍റെ സാക്ഷ്യം. കളിക്കളത്തിലെ നല്ലസുഹൃത്തുക്കളിലൊരാളാണ് ജോസേട്ടന്‍ എന്ന് വിളിക്കുന്ന ജോസ് ബട്‌ലര്‍. സിമ്രോന്‍ ഹെറ്റ്മെയറെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ പോസിറ്റീവ് എനര്‍ജി വന്നുനിറയും. വൈഭവ് സൂര്യ വംശയുടെ ബാറ്റിങ് ഷോക്കിങ് എന്നാണ് സഞ്ജു വിശേഷിപ്പിച്ചത്. വൈകാതെ അവന്‍ ദേശീയ ടീമിലെത്തുമെന്നും സഞ്ജുവിന്‍റെ പ്രവചനം. ജോഫ്ര ആര്‍ച്ചര്‍ കാണുമ്പോള്‍ പരുക്കനാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിനും പിന്നിലൊരു സ്വപ്നകഥയുണ്ട്. അതും സഞ്ജു പങ്കിട്ടു..

ഏഷ്യാകപ്പ് ടൂര്‍മെന്‍റ് വലിയ സാധ്യതയായാണ് സഞ്ജുകാണുന്നത്. അതുലക്ഷ്യമിട്ട് കഠിന പരിശീലനത്തിലുമാണ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പൊലീസ് കായികതാരങ്ങള്‍ക്കൊപ്പവും സഞ്ജുവിനെ കാണാം. ഇതിനിടെ കണ്ണിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ എത്രത്തോളം സ്ക്രീന്‍ സ്പേസ് ആകാമെന്ന് സഞ്ജു വിശദീകരിക്കുന്നു. കായിക ശക്തിയ്ക്കൊപ്പം മനഃശക്തിക്കും പരിശീലനം ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിനോട് അടുത്തകാലത്ത് വലിയ താല്‍പര്യം തോന്നിയിട്ടുണ്ട്. ഏത് അവസരവും സ്വീകരിക്കാന്‍ സജ്ജമായിരിക്കുകയാണ് പ്രധാനമെന്നും സഞ്ജു വിശ്വസിക്കുന്നു.

ENGLISH SUMMARY:

Sanju Samson is a prominent figure in Indian cricket, especially regarding his future in the IPL and national team prospects. This article explores Sanju's thoughts on his career, relationships with fellow players, and aspirations for upcoming tournaments.