സഞ്ജുവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിറയുകയാണ് ക്രിക്കറ്റ് ലോകത്ത്. ഏതാനും വര്‍ഷം മുമ്പുവരെ ദേശീയ ടീമില്‍ മഹേന്ദ്ര സിങ് ധോണിയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ടിരുന്ന സഞ്ജു, ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സില്‍ എം.എസ്.ഡിക്ക് പകരക്കാരനാകുമെന്ന തരത്തില്‍ ആണ് വാര്‍ത്തകള്‍ വരുന്നത്. തന്‍റെ ആദ്യ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് പോകുമെന്നാണ് മറ്റൊരു വാര്‍ത്ത. ദേശീയ ടീമില്‍ സഞ്ജുവിന്‍റെ ഇടം സംബന്ധിച്ചാണ് വേറൊരുചര്‍ച്ച. വരുന്ന ഏഷ്യാകപ്പില്‍ സഞ്ജുവിന് ഇടം കിട്ടുമോ ? തുടര്‍ന്ന് ലോകകപ്പ് വരെ നീളുന്ന മല്‍സരങ്ങളില്‍ സഞ്ജുവിന്‍റെ സാധ്യതകള്‍ എത്രത്തോളം? ഇത്തരം വാര്‍ത്തകളുടെ ഇരമ്പലിന് മധ്യേയാണ് സഞ്ജു മനോരമ ന്യൂസുമായി സംസാരിക്കുന്നത്.

തനിക്ക് ഫാന്‍സ് നല്‍കുന്ന പിന്തുണ വളരേ മികച്ചതെന്ന് സഞ്ജു സാംസണ്‍. ഫാന്‍സ് എന്നു വിളിക്കാനല്ല കൂട്ടുകാരെന്ന് വിളിക്കാനാണ് തനിക്കിഷ്ടമെന്ന് താരം പറയുന്നു. കാര്യവട്ടത്ത് കളിക്കാന്‍ സാധിക്കാത്തതില്‍ വേദനയുണ്ടെന്നും അത്തരമൊരു സാഹചര്യം വന്നു ചേരുമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു. പബ്ലിക് ലൈഫില്‍ ചില സമയത്ത് ഫാന്‍സിന്റെ ഇടപെടല്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും സഞ്ജു പറയുന്നു. ഒരു തവണ പള്ളിയില്‍ പോയപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ സെല്‍ഫി ചോദിച്ച് ആളുകള്‍ വന്നത് ബുദ്ധിമുട്ടായിരുന്നു. അന്നല്‍പ്പം ഗൗരവത്തില്‍ അവരോട് സംസാരിക്കേണ്ടിയും വന്നു. ആദ്യകാലത്തെല്ലാം അയ്യോ സഞ്ജു വന്നു എന്ന രീതിയില്‍ വളരെ അദ്ഭുതത്തോടു കൂടിയാണ് കാണുന്നത്, അതോടെ മനസിലായി ഇടക്കിടെ പുറത്തിറങ്ങി ആളുകളെ കണ്ടാല്‍ ആ ആകാംക്ഷ മാറിക്കിട്ടുമെന്ന്, ഇപ്പോള്‍ ആ രീതിയാണ് പിന്തുടരുന്നതെന്നും താരം. 

ദ്രാവിഡുമായി സ്പെഷ്യല്‍ ബന്ധമാണുള്ളത്, അദ്ദേഹവുമായി പേഴ്സണല്‍ ബന്ധം, എപ്പോള്‍ വേണമെങ്കിലും വിളിച്ച് ക്രിക്കറ്റ്, ഫിറ്റ്നസ്, ലൈഫ്, എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കാം.  ആ ഡോര്‍ എപ്പോഴും എനിക്കുവേണ്ടി ഓപ്പണ്‍ ആണ്. അതുപോലെ തന്നെയാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറുമായും, ഒരിക്കല്‍ ഏറെ നേരം മൊബൈലില്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഭാര്യ ചാരു ചോദിച്ചു, ആരായിരുന്നു ഫോണിലെന്ന്, ഞാന്‍ പറഞ്ഞു ജോസേട്ടനായിരുന്നെന്ന്, അതൊരു ചിരിനേരമായിരുന്നെന്നും സഞ്ജു. ഈ വിഴിഞ്ഞത്തു ജനിച്ചുവളര്‍ന്ന ഞാന്‍ ലണ്ടനില്‍ ജനിച്ചുവളര്‍ന്നൊരു ആളുമായി സംസാരിച്ചപ്പോള്‍ അതൊക്കെയൊരു അനുഗ്രഹമായി തോന്നി, ജോസ് ബട്‍ലറുമായുള്ള ബന്ധം പറഞ്ഞറിയിക്കാനാവാത്തതതാണെന്നും സഞ്ജു.  ഓഫ് ദ ഫീല്‍ഡില്‍ അദ്ദേഹം ഹംബിള്‍ ആന്റ് സിംപിള്‍ പേഴ്സണ്‍ ആണെന്നും താരം പറയുന്നു.

ഏഷ്യാകപ്പ് ടൂര്‍മെന്‍റ് വലിയ സാധ്യതയായാണ് സഞ്ജുകാണുന്നത്. അതുലക്ഷ്യമിട്ട് കഠിന പരിശീലനത്തിലുമാണ്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പൊലീസ് കായികതാരങ്ങള്‍ക്കൊപ്പവും സഞ്ജുവിനെ കാണാം. ഇതിനിടെ കണ്ണിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ എത്രത്തോളം സ്ക്രീന്‍ സ്പേസ് ആകാമെന്ന് സഞ്ജു വിശദീകരിക്കുന്നു. കായിക ശക്തിയ്ക്കൊപ്പം മനഃശക്തിക്കും പരിശീലനം ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിനോട് അടുത്തകാലത്ത് വലിയ താല്‍പര്യം തോന്നിയിട്ടുണ്ട്. ഏത് അവസരവും സ്വീകരിക്കാന്‍ സജ്ജമായിരിക്കുകയാണ് പ്രധാനമെന്നും സഞ്ജു വിശ്വസിക്കുന്നു.

ENGLISH SUMMARY:

Sanju Samson is currently a hot topic in the cricket world. Recent news and discussions revolve around his potential inclusion in the Asia Cup and his interactions with teammates and fans.