Nagpur : Indian players Virendra Sehwag and M.S.Dhoni celebrate the run out of Jacques Kallis during their World Cup match in Nagpur on Saturday. PTI Photo by Shashank Parade(PTI3_12_2011_000254B)

സെവാഗിന്‍റെ വിരമിക്കലിന് പിന്നില്‍ ധോണിയാണെന്ന ആരാധകരുടെ അടക്കം പറച്ചിലിന് ഒടുവിലിതാ സ്ഥിരീകരണം. ഇന്ത്യന്‍ ടീമില്‍ നിന്ന് ധോണി തന്നെ തഴഞ്ഞപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് വീരുവിന്‍റെ വെളിപ്പെടുത്തല്‍. 2007–08 ല്‍ ഓസീസിനെതിരായ പരമ്പരയ്ക്കിടെയായിരുന്നു മറന്നുകളയാന്‍ ആഗ്രഹിക്കുന്ന ആ സംഭവങ്ങളുണ്ടായതെന്ന് താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗ് മനസ് തുറന്നത്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന ബാറ്റര്‍മാരില്‍ ഒരാളാണ് സെവാഗ്. 104.33 സ്ട്രൈക്ക് റേറ്റില്‍ 8273 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.

ഓസീസിനെതിരായ പരമ്പരയില്‍ സെവാഗിന് പ്രതീക്ഷിച്ചത് പോലെ ഉയരാന്‍ കഴിഞ്ഞില്ല. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് വെറും 81 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. ഇതോടെ ടീമില്‍ നിന്ന് ധോണി ഒഴിവാക്കുകയും ചെയ്തു. ടീമില്‍ നിന്ന് തഴഞ്ഞതോടെ ഇനി തുടരുന്നില്ലെന്നും വിരമിക്കാമെന്നും തീരുമാനിച്ചു. വിവരമറിയിക്കാനായി സച്ചിനെ സമീപിച്ചപ്പോള്‍ അദ്ദേഹം അനുവദിച്ചില്ല. സെവാഗിന്‍റ സമാന അവസ്ഥയിലൂടെ 1999–2000 കാലഘട്ടത്തില്‍ താനും കടന്നുപോയിരുന്നുവെന്നും പക്ഷേ ഈ കാലം കടന്നുപോകുമെന്നും ഫോം വീണ്ടെടുക്കാനാകുമെന്നും സച്ചിന്‍ തന്നോട് പറഞ്ഞുവെന്നും സെവാഗ് പറയുന്നു.

 'ഏകദിനം മതിയാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട. ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട്. ഈ സമയം വന്നത് പോലെ പോകും.വൈകാരികമായി തീരുമാനം  ഇപ്പോള്‍ കൈക്കൊള്ളരുത്. ഒന്നോ രണ്ടോ പരമ്പരകള്‍ കൂടി കാത്തിരിക്കൂ, എന്നിട്ട് നമുക്ക് ആലോചിക്കാം'.. എന്നായിരുന്നു സച്ചിന്‍റെ വാക്കുകള്‍. ആ പരമ്പര അവസാനിച്ചു. തുടര്‍ന്നുള്ള പരമ്പരകളില്‍ ഞാന്‍ ഫോം വീണ്ടെടുത്തു. 2011 ലോകകപ്പ് കളിച്ചു, രാജ്യത്തിനായി നേടുകയും ചെയ്തു– സെവാഗ് കൂട്ടിച്ചേര്‍ത്തു. 2011 ലെ ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടത്തില്‍ സെവാഗിന്‍റെ പങ്ക് പകരം വയ്ക്കാനാവാത്തതായിരുന്നു. 2015 ഒക്ടോബറിലാണ് താരം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്.

ENGLISH SUMMARY:

Virender Sehwag's retirement was almost triggered by MS Dhoni's decision to drop him from the team. He considered retiring from ODIs but was persuaded by Sachin Tendulkar to reconsider and went on to play in the 2011 World Cup.