ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുല്‍ക്കറുടെ മകൻ അർജുൻ തെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. 25 കാരനായ അർജുൻ ഇടങ്കൈ ഫാസ്റ്റ്-ബൗളിംഗ് ഓൾറൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിലും,2021ലെ ഐപിഎല്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെയും ഭാഗമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍.
ഏറ്റവും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹനിശ്ചയം. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ ലോകത്ത് വലിയ സ്വാധീനമുള്ളവരാണ് ഘായ് കുടുംബം. ഇന്റർകോണ്ടിനെന്റൽ ഹോട്ടലും ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയും ഘായ് കമ്പനിയുടെ നേതൃത്വത്തിലുള്ളതാണ്.
ഉന്നത ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള വ്യക്തിയെങ്കിലും അർജുനെപ്പോലെതന്നെ വലിയ പൊതുശ്രദ്ധ ആഗ്രഹിക്കാത്ത വ്യക്തിത്വമാണ് സാനിയയും. വളർത്തുമൃഗങ്ങൾക്കായുള്ള ചർമ്മസംരക്ഷണ, സ്പാ ബ്രാൻഡായ 'മിസ്റ്റർ പോസ്' (Mr. PAWS)-ന്റെ സ്ഥാപക കൂടിയാണ് സാനിയ. മൃഗക്ഷേമത്തിലും സംരംഭകത്വത്തിലും താല്‍പര്യമുള്ള സാനിയ ഡബ്ല്യുവിഎസിൽ (WVS) നിന്ന് എബിസി (ABC) പ്രോഗ്രാം പൂർത്തിയാക്കിയ ഒരു അംഗീകൃത വെറ്ററിനറി ടെക്നീഷ്യൻ കൂടിയാണ്.