china-marriage-scam

ചോര നീരാക്കി സമ്പാദിച്ച പണവുമായി 'ഭാര്യ' പോയ സങ്കടത്തിലാണ് ചൈനയിലെ ഹുയാങ് ഹോങ്ചെങെന്ന യുവാവ്.  വെറും നാലുമണിക്കൂര്‍ മാത്രം നേരം 'ഡേറ്റ്' ചെയ്തതിന് പിന്നാലെ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശി പിടിച്ചുവെന്നും അതുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഒരു മാസത്തിനകം യുവാവിന്‍റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. 

തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 21നാണ് വിവാഹിതനായത്. എല്ലാം തനിക്കൊരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് ഹുയാങ് പറയുന്നു. വിവാഹം കഴിഞ്ഞ അന്ന് രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അന്നുമാത്രമാണ് യുവതിയുമായി ശാരീരികബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത്. പിന്നീട് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും യുവതി തള്ളിമാറ്റിയിരുന്നുവെന്നാണ് ഹുയാങിന്‍റെ വെളിപ്പെടുത്തല്‍. രണ്ട് ദിവസം മാത്രമേ ഒന്നിച്ച് നില്‍ക്കാന്‍ യുവതി അനുവദിച്ചുള്ളൂ. മൂന്നാമത്തെ ദിവസം ജോലിക്ക് പോയി പണമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. 

'ജോലിക്കായി പോയതിന് പിന്നാലെ പല തവണയായി പണം ആവശ്യപ്പെട്ടു. പണം ചോദിക്കാന്‍ മാത്രമാണ് ഫോണ്‍ വിളിച്ചിരുന്നത്'. അങ്ങോട്ടു വിളിച്ചാല്‍ എടുക്കില്ലെന്നും എടുത്താല്‍ തന്നെ പണത്തിന്‍റെ കാര്യം മാത്രം സംസാരിച്ച് ഫോണ്‍ വയ്ക്കുമെന്നും യുവാവ് വെളിപ്പെടുത്തി. സെപ്റ്റംബര്‍ എട്ടായപ്പോള്‍ യുവതി തന്‍റെ സമ്പാദ്യമെല്ലാം ചെലവഴിച്ച് തീര്‍ത്തു. പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെ വന്നതോടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പോയത്. പണം ലഭിക്കാതെ വന്നതോടെ യുവതി തന്നെ ഉപേക്ഷിച്ച് പോയെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഹുയാങ് പറയുന്നു. 

ENGLISH SUMMARY:

Huang Hongcheng, a man from Hunan, China, was allegedly conned by a woman whom he married just four hours after meeting for the first time on August 21. Huang claims the woman insisted on marrying him immediately, leading to a quick registration that afternoon. Within a month, the 'wife' took all of Huang's savings, amounting to over ₹30 lakh (approximately 300,000 Yuan), and disappeared. Huang stated that after the wedding night, the woman refused physical intimacy and after two days, forced him to go back to work. She only contacted him to ask for money, draining his bank account by September 8 before abandoning him. Huang has filed a police complaint regarding the theft.