സ്വപ്നവാഹനം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ദീപിന്റെ സന്തോഷത്തില്‍ കല്ലുകടി. നിയമലംഘനത്തിന് ഉത്തര്‍പ്രദേശ് ഗതാഗതവകുപ്പ് ആകാശിന് നോട്ടീസ് അയച്ചു. ഹൈ സെക്യൂരിറ്റി റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് (എച്ച്എസ്ആർപി) ഇല്ലാതെ വാഹനമോടിച്ചുവെന്നതാണ് കാര്യം. ആകാശ്ദീപ് വാഹനം വാങ്ങിയ ഡീലർമാർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വാഹനം കൈമാറിയതിന് ഡീലർമാർക്ക് ഒരു മാസത്തെ സസ്പെൻഷനും കിട്ടി.
റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ വാഹനം നിരത്തിലിറക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ച് ലക്നൗവിലെ ആര്‍ടിഒ ഓഫീസാണ് ആകാശ്ദീപിന് നോട്ടീസ് നല്‍കിയത്. ഓഗസ്റ്റ് 7ന് വിറ്റ വാഹനത്തിന് എട്ടിന് ഇൻഷുറൻസ് എടുത്തതായി രേഖയുണ്ട്. ഓഗസ്റ്റ് ഒൻപതിന് വാഹനത്തിന് ഫാൻസി നമ്പരും ലഭിച്ചു. എന്നാൽ ഹൈ സെക്യൂരിറ്റി റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആർടിഒയുടെ നടപടി.
62 ലക്ഷം രൂപ മുടക്കി ആകാശ്ദീപ് ബ്ലാക്ക് ടൊയോട്ട ഫോർച്യൂണർ വാങ്ങിയ വിവരം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ഷോറൂമിലെത്തി വാഹനം കൈപ്പറ്റുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ്, അതിസുരക്ഷാ റജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചത്. വാഹനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരശേഖരണം നടത്തുന്നതിനുള്ള ഉപാധിയാണ് ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍.
ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് ആകാശ്ദീപിന് സ്വന്തം നാട്ടില്‍നിന്നും ഇത്തരമൊരു പണി കിട്ടിയത്. പരമ്പരയിൽ മൂന്നു ടെസ്റ്റുകളിൽ കളിച്ച ആകാശ്ദീപ് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. 1986ൽ ചേതൻ ശർമയ്‌ക്കു ശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തുന്ന ബോളറെന്ന നേട്ടവും ആകാശ്ദീപ് സ്വന്തമാക്കിയിരുന്നു.