ഇംഗ്ലണ്ടിനെതിരെ ഓവൽ ടെസ്റ്റിൽ ഇന്ത്യ നേടിയ വിജയത്തിൻ്റെ ആധികാരികത ചോദ്യം ചെയ്ത് മുൻ പാക്കിസ്ഥാൻ പേസർ ഷാബിർ അഹമ്മദ് ഖാൻ. പന്തിൽ കൃത്രിമം കാട്ടിയാണ് ഇന്ത്യ മത്സരം വിജയിച്ചതെന്നാണ് ഷാബിറിൻ്റെ ആരോപണം. മത്സരം ജയിച്ചതോടെയാണ് പരമ്പര 2-2 ന് സമനിലയിലായത്.
ഇന്ത്യ പന്തിൽ വസലിൻ പുരട്ടിയെന്നാണ് ഷാബിറിൻ്റെ ആരോപണം. 80 ഓവറിലധികം ഉപയോഗിച്ചിട്ടും പന്ത് തിളങ്ങുകയായിരുന്നു. പന്ത് ലാബ് ടെസ്റ്റ് നടത്താൻ മാച്ച് ഓഫീഷ്യൽസ് തയ്യാറാകണമെന്നും ഷാബിർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു.
ഓവൽ ടെസ്റ്റിൽ അവസാന ദിവസം നാല് ഓവറിന് ശേഷം ഇന്ത്യയ്ക്ക് രണ്ടാം ന്യൂബോൾ എടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ നല്ല രീതിയിൽ സ്വിങ് ചെയ്യുന്നതിനാൽ പഴയ പന്തിൽ തുടരാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇതിലൂടെ സിറാജ് ജാമി സ്മിത്തിനെ പുറത്താക്കുകയും ചെയ്തു.
ഇതാദ്യമായല്ല പാക്ക് താരങ്ങൾ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. 2024 ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യൻ പേസർ അർഷദീപ് സിങ് പന്തിൽ കൃത്രിമം കാട്ടി എന്നായിരുന്നു ഇൻസമാം ഉൾ ഹക്കിൻ്റെ ആരോപണം. 2023 ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷാമിക്കു വേണ്ടി ഇന്ത്യ പന്തിനുള്ളിൽ ചിപ്പ് ഘടിപ്പിച്ചു എന്നായിരുന്നു ഹസൻ റാസയുടെ ആരോപണം.
ഓവലിൽ ആറു റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപിച്ചത്. 374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 367 റൺസിന് ഇന്ത്യ ഓൾഔട്ടാക്കുകയായിരുന്നു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലുവിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. അവസാന ദിവസം നാലു വിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ.