ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ അഞ്ചാം ദിനം, 56 മിനിറ്റുകൊണ്ട് ഇന്ത്യ കുറിച്ചത് അവിശ്വസനീയ തിരിച്ചുവരവും ഒരുപാട് റെക്കോര്‍ഡുകളും. റണ്‍സ് കണക്കില്‍ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ കുഞ്ഞന്‍ വിജയമായി ലണ്ടനിലേത്. ആയിരത്തിലേറെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ്, 23 വിക്കറ്റുമായി ജസ്പ്രീത് ബുമ്രയുടെ നേട്ടത്തിന് ഒപ്പമെത്തി.
അടുത്ത 60 ഓവറുകള്‍ അവര്‍ക്ക് നരകം പോലെ തോന്നണം... 2021ല്‍ ലോര്‍ഡ്സിലെ നാടകീയ ജയത്തിന് മുമ്പ് നായകന്‍ കോലി ടീമംഗങ്ങളോട് പറഞ്ഞ വാക്കുകള്‍. ഓവലില്‍ അഞ്ചാം ദിനം ഇറങ്ങിയപ്പോള്‍ ഗില്ലിന്റെ ഇന്ത്യയും കോലിയുടെ വാക്കുകള്‍ ഓര്‍ത്തുകാണണം. 56 മിനിറ്റില്‍ സിറാജും പ്രസിദ്ധ് കൃഷ്ണയും എറിഞ്ഞ തീയുണ്ടകള്‍ ഇംഗ്ലണ്ടിന് നരകയാതനയായി. 2004ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 13 റണ്‍സ് ജയത്തെ മറികടന്ന് ഇന്ത്യയുടെ കുഞ്ഞന്‍ ജയമായി ഓവലിലെ ആറു റണ്‍സ് വിജയം. പരമ്പരയില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 3809 റണ്‍സ്. അഞ്ചുമല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു ടീമിന്റെ ഉയര്‍ന്ന റണ്‍നേട്ടം. നായകനായുള്ള ആദ്യ പരമ്പരയില്‍ തന്നെ സമനിലയുമായി കിരീടംതൊട്ട ഗില്‍, 754 റണ്‍സ് നേട്ടത്തോടെ ഏറ്റവുമധികം റണ്‍സ് നേടുന്ന നായകനായി.
ബുമ്രയില്ലെങ്കില്‍ ജയമെന്ന ട്രോള്‍ ഓവലിലും സത്യമായി. ബുമ്രയുടെ അസാന്നിധ്യത്തില്‍ തീയാകുന്ന സിറാജ് പരമ്പരയില്‍ നേടിയത് 23 വിക്കറ്റുകള്‍. 2021ല്‍ ബുമ്ര കുറിച്ച ഇംഗ്ലീഷ് റെക്കോര്‍ഡിനൊപ്പമാണ് സിറാജെത്തിയത്