ടെസ്റ്റ് പരമ്പരകള്‍ മുഴുവന്‍ കളിക്കാന്‍ ശാരീരിക ക്ഷമതയുള്ളവരെ ടീമിലെടുത്താല്‍ മതിയെന്ന കടുത്ത തീരുമാനം ബിസിസിഐ കൈക്കൊണ്ടേക്കുമെന്ന് സൂചനകള്‍. വര്‍ക് ലോഡ് മാനെജ്മെന്‍റിലെ പ്രത്യേക പരിഗണനകള്‍ മറന്നേക്കാന്‍ ടീമിന് ബിസിസിഐ നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ട് പരമ്പരയിലെ മുഹമ്മദ് സിറാജിന്‍റെ മിന്നുന്ന പ്രകടനമാണ് ബുംറ ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് നല്‍കിവന്ന അധിക പരിഗണന പിന്‍വലിച്ചാല്‍ തെറ്റില്ലെന്ന തീരുമാനത്തിലേക്ക് ബോര്‍ഡിനെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഗംഭീറിനെയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറെയും ധരിപ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വര്‍ക് ലോഡ് മാനെജ്മെന്‍റ് ചൂണ്ടിക്കാട്ടി പരമ്പരയിലെ എത്ര മല്‍സരം കളിക്കാമെന്ന് കളിക്കാര്‍ തന്നെ തീരുമാനിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. കരാര്‍ ഒപ്പിട്ട എല്ലാ താരങ്ങളെയും ബിസിസിഐ ഇക്കാര്യം വൈകാതെ അറിയിക്കും. വര്‍ക് ലോഡ് മാനെജ്മെന്‍റ് പാടെ അവഗണിക്കുമെന്നല്ല ഇതിനര്‍ഥമെന്നും കുറച്ച് കൂടി കാര്യക്ഷമമായ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യമെന്നും ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
FILE PHOTO: Cricket - International Test Match Series - Fifth Test - England v India - Kia Oval, London, Britain - August 4, 2025 India's Mohammed Siraj celebrates with Dhruv Jurel after taking the wicket of England's Gus Atkinson and India winning the match to draw the test series Action Images via Reuters/Paul Childs/File Photo
സുനില്‍ ഗവാസ്കറാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇംഗ്ലണ്ടിനെതിരെ സമനില പിടിച്ചതില്‍ സിറാജിന്‍റെ കരുത്ത് കാണാതെ പോകരുതെന്നും 185.3 ഓവറുകളാണ് സിറാജ് പരമ്പരയില്‍ എറിഞ്ഞതെന്നും 23 വിക്കറ്റുകള്‍ പിഴുതുവെന്നും ഗവാസ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് ടെസ്റ്റും കളിച്ചതിന് പുറമെ ഇത്രയധികം ഓവറുകള്‍ എറിഞ്ഞതും പ്രശംസനീയമാണെന്നും ഗവാസ്കര്‍ വിശദീകരിച്ചിരുന്നു.
FILE PHOTO: Cricket - International Test Match Series - Fifth Test - England v India - Kia Oval, London, Britain - August 4, 2025 India's Mohammed Siraj poses after winning the player of the match award after India won the match to draw the test series Action Images via Reuters/Paul Childs/File Photo
'രാജ്യത്തിനായി കളിക്കുമ്പോള്‍ വേദനകളെല്ലാം നിങ്ങള്‍ മറന്ന് പോകും. അതിര്‍ത്തിയിലെ സൈനികര്‍ തണുപ്പിനെ കുറിച്ച് പരാതി പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഋഷഭ് പന്ത് കാണിച്ച ധൈര്യം ശ്രദ്ധിച്ചുവോ? പരുക്കുമായി ബാറ്റ് ചെയ്യുകയെന്ന തീരുമാനമാണ് പന്ത് കൈക്കൊണ്ടത്. അതൊക്കെയാണ് കളിക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് അത്ര വലിയ അഭിമാനമാണ്'- ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് വിശദീകരിച്ചു. '140 കോടി ജനങ്ങളെയാണ് നിങ്ങള്‍ പ്രതിനിധീകരിക്കുന്നത്. വര്‍ക് ലോഡിനെയെല്ലാം ദൂരെയെറിഞ്ഞ് ഹൃദയം കൊണ്ടാണ് സിറാജ് കളിച്ചത്. അഞ്ച് ടെസ്റ്റിലും നോണ്‍ സ്റ്റോപ്പായി എഴും എട്ടും ഓവറുകളാണ് സിറാജ് എറിഞ്ഞത്. ക്യാപ്റ്റനും രാജ്യവും അത് ആഗ്രഹിക്കുന്നുവെന്ന ബോധ്യം സിറാജിനുണ്ടായിരുന്നു. ഈ വര്‍ക് ലോഡ‍് എന്ന വാക്കേ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഡിക്ഷനറിയില്‍ നിന്ന് എടുത്ത് ദൂരെ എറിയണം. ഞാനിത് കുറേക്കാലമായി പറയുന്നു. വര്‍ക് ലോഡ് എന്നത് മനസിലെ തോന്നലാണ്, ഒരിക്കലും ശാരീരികമായ ഒന്നല്ല- ഗവാസ്കര്‍ തുറന്നടിച്ചു
ബുംറയുടെ പേര് ഗവാസ്കര്‍ പരസ്യമായി പറഞ്ഞില്ലെങ്കിലും കുത്തിയത് ബുംറയെയാണെന്ന് കേട്ടവര്‍ക്കെല്ലാം മനസിലായെന്നതാണ് വസ്തുത. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നില്‍ മാത്രമാണ് വര്‍ക് ലോഡ് ചൂണ്ടിക്കാട്ടി ബുംറ കളിച്ചത്. ഇത് ബിസിസിഐയ്ക്കുള്ളിലും മുറുമുറുപ്പ് ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സിഡ്നിയില്‍ നടന്ന ടെസ്റ്റനിടെയാണ് ബുംറയുടെ പുറത്തിന് പരുക്കേറ്റത്. ഐപിഎല്‍ സമയത്ത് ഫിറ്റ്നസ് വീണ്ടെടുത്ത് താരം കളത്തിലിറങ്ങി. പിന്നീട് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും സ്ഥാനം പിടിച്ചു. പക്ഷേ അഞ്ച് ടെസ്റ്റ് കളിക്കാനുള്ള ശാരീരിക ക്ഷമത താരത്തിനില്ലെന്നായിരുന്നു മെഡിക്കല്‍ സംഘത്തിന്‍റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് താരം രണ്ട് ടെസ്റ്റുകളില്‍ വിശ്രമിച്ചത്.