Image Credit: X/HashTagCricket

Image Credit: X/HashTagCricket

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റിന് മുന്‍പ് തന്നെ മൈതാനത്ത് തീപ്പൊരി. അവസാന മല്‍സരം നടക്കേണ്ട ഓവലിലെ ക്യൂറേറ്റര്‍ ലീ ഫോർട്ടിസുമായി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇടഞ്ഞ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യൻ താരങ്ങള്‍ക്ക് മൈതാനത്ത് പ്രവേശനം അനുവദിച്ചതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് വാക്കേറ്റത്തിന് കാരണം. ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഗംഭീര്‍ ക്യൂറേറ്ററെ ചീത്തവിളിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

'എന്താണ് ചെയ്യേണ്ടതെന്ന് നീ ഞങ്ങളെ പഠിപ്പിക്കേണ്ട' എന്ന് പറഞ്ഞാണ് ഗംഭീർ ഓവലിലെ ക്യുറേറ്ററോട് പറഞ്ഞത്. ക്യൂറേറ്ററുടെ പെരുമാറ്റമാണ് രൂക്ഷമായ തർക്കത്തിന് കാരണമെന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക് വ്യക്തമാക്കി. 'ഞങ്ങൾ പിച്ച് നോക്കുമ്പോൾ, 2.5 മീറ്റർ അകലെ മാറി നിൽക്കാൻ ക്യൂറേറ്റര്‍ ആവശ്യപ്പെട്ടു. ഞങ്ങൾ ജോഗേഴ്സ് ധരിച്ചാണ് പോയത്. റബ്ബർ സ്പൈക്കിൽ വിക്കറ്റ് നോക്കുന്നതിൽ തെറ്റൊന്നുമില്ല. ഗ്രൗണ്ടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇതൊരു പിച്ചാണ്, പുരാവസ്തുവൊന്നുമല്ല' എന്നാണ് സിതാന്‍ഷു പറഞ്ഞത്. 

ക്യുറേറ്റർ സപ്പോർട്ട് സ്റ്റാഫിനോട് തട്ടിക്കയറിയപ്പോൾ ഗംഭീർ ഇടപെട്ടത്. ക്യുറേറ്റർ അവരോട് സംസാരിച്ച രീതി ഗംഭീറിനെ പ്രകോപിപ്പിച്ചു. എന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തര്‍ക്കത്തിനിടെ ഗൗതം ഗംഭീര്‍ ക്യൂറേറ്റതെ തെറിവിളിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനി തെറി പറയരുത്, തെറി പറഞ്ഞാല്‍ മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യുമെന്നാണ് ലീ ഫോര്‍ട്ടിസ് ഗംഭീറിനോട് പറയുന്നത്. പോയി റിപ്പോർട്ട് ചെയ്യ്. നിനക്ക് ഇഷ്ടമുള്ളത് പോയി ചെയ്യ് എന്നാണ് ഗംഭീര്‍ മറുപടി പറയുന്നത്. കോട്ടക്കും ക്യുറേറ്ററും സംസാരിക്കുമ്പോൾ ഗംഭീർ ഇടപെട്ട് 'ഈ കഴുതയോട് പറയ്, മാച്ച് റഫറിക്ക് റിപ്പോർട്ട് ചെയ്യാൻ പറയ്' എന്നും പറയുന്നുണ്ട്. 

'ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ട. നിങ്ങള്‍ക്ക് അതിന് അവകാശവുമില്ല. നിങ്ങൾ വെറുമൊരു ഗ്രൗണ്ട്സ്മാൻ മാത്രമാണ്, അതിനാൽ നിങ്ങളുടെ പരിധിയിൽ നിൽക്കുക. നിങ്ങൾ വെറുമൊരു ഗ്രൗണ്ട്സ്മാൻ മാത്രമാണ്' എന്നും വിഡിയോയില്‍ പറയുന്നുണ്ട്. 

ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിെല ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തില്‍ പരിശീലകര്‍ക്കെതിരെ ബിസിസിഐ നടപടിക്ക് ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ പരിശീലകര്‍ക്കടക്കം സ്ഥാനചലനം സംഭവിച്ചേക്കാമെന്നാണ് ദ് ടെലിഗ്രാഫിന്‍റെ റിപ്പോര്‍ട്ട്. കോച്ച് ഗൗതം ഗംഭീറിന്‍റെ സ്ഥാനം സുരക്ഷിതമാണെങ്കിലും ബോളിങ് കോച്ചായ മോണ്‍ മോര്‍ക്കലും അസിസ്റ്റന്‍റ് കോച്ചായ റയാന്‍ ടെനും തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരിക്കുന്നത്. പരമ്പര കഴിഞ്ഞ് ടീം നാട്ടിലെത്തുന്നതിന് പിന്നാലെ തന്നെ വിശദമായ വിലയിരുത്തല്‍ ഉണ്ടാകും. പക്ഷേ സെപ്റ്റംബറിലെ ഏഷ്യാക്കപ്പോടെ നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ENGLISH SUMMARY:

Gautam Gambhir was involved in a verbal clash with Oval curator Lee Fortis regarding pitch access during the India-England series, a confrontation that quickly escalated. This incident, alongside a potential BCCI review of coaching staff, adds significant tension before the final Test and upcoming Asia Cup.