Colombo: India s Virat Kohli with Head Coach Gautam Gambhir during a practice session ahead of the first ODI cricket match of a series between India and Sri Lanka, at R Premadasa International Stadium, in Colombo, Wednesday, July 31, 2024. (PTI Photo/Kunal Patil) (PTI07_31_2024_000476A)
വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള ബിസിസിഐ നിര്‍ദേശത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. ചേതേശ്വര്‍ പൂജാരയുമായുള്ള അഭിമുഖത്തിലാണ് ഗംഭീര്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. വിദേശത്തേക്ക് ടീം പോകുന്നത് ക്രിക്കറ്റ് കളിക്കാനാണ്, അവധി ആഘോഷിക്കാനല്ലെന്നും കളിക്കുമ്പോള്‍ ക്രിക്കറ്റിലേക്ക് മാത്രമാവണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.
'കുടുംബം പ്രധാനമാണ്. പക്ഷേ നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. വിദേശത്തേക്ക് ടീം പോകുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. അല്ലാതെ അവധി ആഘോഷിക്കാനല്ല. വലിയ ലക്ഷ്യമാണ് മുന്നിലുള്ളത്. രാജ്യത്തിന്‍റെ അഭിമാനം കാക്കുന്നതിനായി വിരലില്‍ എണ്ണാവുന്ന ആളുകളാണ് ഡ്രസിങ് റൂമിലുള്ളത്. അതാണ് മനസിലുണ്ടാവേണ്ടത്. കുടുംബത്തെ ഒപ്പം കൂട്ടുന്നതിന് ഞാന്‍ എതിരല്ല. ലക്ഷ്യം രാജ്യത്തിന്‍റെ അഭിമാനമാകണം. ലക്ഷ്യത്തിലേക്കാവണം സമര്‍പ്പണം വരേണ്ടത്. അത് മനസിലുണ്ടെങ്കില്‍ എല്ലാം നന്നായി വരും. എന്നെ സംബന്ധിച്ചിടത്തോളം ലക്ഷ്യം എനിക്ക് മറ്റെന്തിനെക്കാളും വലിയതാണ്'- ഗംഭീര്‍ വിശദീകരിച്ചു.
ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 45 ദിവസമോ അതിലേറെയോ നീളുന്ന വിദേശ പര്യടനങ്ങളില്‍ കുടുംബങ്ങള്‍ക്ക് താരങ്ങള്‍ക്കൊപ്പം 14 ദിവസം ചെലവഴിക്കാമെന്നതാണ് പുതിയ ചട്ടം. രൂക്ഷമായ ഭാഷയിലാണ ്വിരാട് കോലിയടക്കം ഇതിനോട് പ്രതികരിച്ചത്. കുടുംബത്തെ കളിക്കാരില്‍ നിന്നകറ്റുന്ന പരിഷ്കാരത്തോട് തനിക്ക് യോജിപ്പില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. മറ്റാര്‍ക്കും കാണാനും മനസിലാക്കാനും പറ്റാത്തത്രയും കഠിനമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ കുടുംബം ഒപ്പമുണ്ടാകരുതെന്ന് എങ്ങനെ പറയാന്‍ പറ്റുമെന്നും കുടുംബത്തിന്‍റെ മൂല്യം മനസിലാക്കിയവര്‍ക്ക് എങ്ങനെയാണ് അകറ്റി നിര്‍ത്തണമെന്ന് പറയാന്‍ കഴിയുന്നതെന്നുമായിരുന്നു കോലി ചോദ്യമുയര്‍ത്തിയത്.