ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യ ദിനം ഇംഗ്ലണ്ട് നിരയെ മുന്നോട്ട് നയിച്ചത് ജോ റൂട്ടിന്‍റെ ഇന്നിങ്സാണ്. 251 ന് നാല് എന്ന നിലയില്‍ മല്‍സരം അവസാനിപ്പിച്ച ഇംഗ്ലണ്ടിനായി 99 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ് ജോ റൂട്ട്. 67-ാം അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയ റൂട്ട് 37-ാം സെഞ്ചറിക്ക് അരികിലാണ്. 102 പന്തില്‍ ഏഴു ബൗണ്ടറിയാണ് ഇന്നലെ ലോര്‍ഡ്സില്‍ താരം നേടിയത്.
ആദ്യ ദിനം അവസാന ഓവറില്‍ റൂട്ടിന് സെഞ്ചറിയടിക്കാനുള്ള അവസരമുണ്ടായിരുന്നു. നാലാം പന്തിൽ ആകാശ് ദീപിന്‍റെ പന്ത് ബാക്ക്‌വേർഡ് പോയിന്‍റിലേക്ക് അടിച്ച് റണ്ണിനായി റൂട്ട്, രണ്ടാം റണ്ണിനായി തിരിഞ്ഞപ്പോൾ തന്നെ ലോർഡ്സില്‍ ആരവം തുടങ്ങിയിരുന്നു. സെഞ്ചുറി ഉറപ്പായെന്ന് തോന്നിയ നിമിഷത്തിലാണ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് റണ്ണിങ് തടഞ്ഞത്. ഇതോടെ റൂട്ട് രണ്ടാം റൺ പാതിവഴിയിൽ ഉപേക്ഷിച്ച് ക്രീസിലേക്ക് മടങ്ങി. സ്റ്റോക്സ് അവസാന രണ്ട് പന്തുകള്‍ നേരിട്ടതോടെ ആദ്യ ദിനത്തെ മല്‍സരം അവസാനിച്ചു.
റൂട്ട് സിംഗിൾ ഓടിയപ്പോള്‍ തന്നെ പന്ത് കയ്യിലാക്കിയ രവീന്ദ്ര ജഡേജയുടെ ചില നാടകങ്ങളും അതേസമയം മൈതാനത്ത് ഉണ്ടായി. പന്ത് കീപ്പർക്ക് എറിഞ്ഞുകൊടുക്കുന്നതിന് പകരം, നിലത്തിട്ട് റൂട്ടിനെ കളിയാക്കി സെഞ്ചറി പൂർത്തിയാക്കുന്നില്ലേ എന്ന് ചോദിക്കുകയായിരുന്നു ജഡേജ. ഈ സമയം ജഡേജയോട് ചിരിച്ച് റൂട്ട് ക്രീസില്‍ തുടരുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ ലോര്‍ഡ്സിലെ കാണികള്‍ കൂകിവിളിച്ചതാണ് പ്രതികരിച്ചത്. ഇതേസമയം സ്റ്റംബ് മൈക്കില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ സംസാരവും റെക്കോര്‍ഡായിരുന്നു. 'ഇന്ന് അയാളെ സെഞ്ചറി അടിക്കാന്‍ അനുവദിക്കരുത്' എന്നായിരുന്നു വാക്കുകള്‍.
സെഞ്ചറി നേടിയാല്‍ നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി റൂട്ടിന്‍റെ പേരിലാണ്. നിലവിലിത് സ്റ്റീവ് സ്മിത്തിന്‍റെ പേരിലാണ്. ഏറ്റവും കൂടുതല്‍ സെഞ്ചറി നേടിയ രാജ്യാന്തര താരങ്ങളില്‍ അഞ്ചാമനാകാനും റൂട്ടിന് സാധിക്കും. ശ്രീലങ്കന്‍ താരമായിരുന്ന കുമാര്‍ സംഗക്കാരയാണ് നിലവില്‍ റൂട്ടിന് മുന്നില്‍. നിലവില്‍ 13214 റണ്‍സ് നേടിയ റൂട്ട് 77 റണ്‍സ് കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തും. 13289 റണ്‍സ് നേടിയ ജാക്ക് കാലിസും 13288 റണ്‍സുമായി രാഹുല്‍ ദ്രാവിഡുമാണ് റൂട്ടിന് മുന്നില്‍.