ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണെങ്കിലും പ്രധാന തിരിച്ചടി റിഷഭ് പന്തിന്‍റെ പരുക്കാണ്. മല്‍സരത്തിന്‍റെ 34-ാം ഓവറില്‍ കൈവിരലിന് പരുക്കേറ്റാണ് റിഷഭ് പന്ത് കളംവിട്ടത്. ജസ്പ്രീത് ബുംറ എറിഞ്ഞ 34-ാം ഓവറിൽ ലെഗ് സൈഡിലേക്ക് പോയ പന്ത് തടയാൻ ശ്രമിക്കുമ്പോഴാണ് പന്തിന്‍റെ ഇടത് കൈവിരലിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ പന്ത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഓവര്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു.
പന്തിന് പകരം ധ്രുവ് ജൂറൽ വിക്കറ്റ് കീപ്പിംഗ് ഏറ്റെടുത്തു. മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ഇല്ലാത്ത താരമാണ് ധ്രുവ് ജൂറൽ. ബിസിസിഐയുടെ അറിയിപ്പ് പ്രകാരം, പന്തിന് ഇടത് ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. അദ്ദേഹം മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്. പന്തിന് പകരം ധ്രുവ് ജൂറൈലാണ് വിക്കറ്റ് കീപ്പറായി കളിക്കുന്നത്. വ്യാഴാഴ്ച രണ്ടാം സെഷനിൽ ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലെത്തിയ ജുറൈല്‍ പിന്നാലെ ഔദ്യോഗിക കിറ്റിലേക്ക് മാറുകയും ടീമിനൊപ്പം ചേരുകയുമായിരുന്നു.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ പന്തിന് ബാറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് നിലവിലെ സൂചന. പരിക്കിനെ പറ്റി ടീം ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധിക്കുകയാണെന്നാണ് വിവരം. പന്തിന്‍റെ അഭാവത്തില്‍ ജുറൈല്‍ വിക്കറ്റ് കീപ്പ് ചെയ്യുന്നുണ്ടെങ്കിലും ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. 2017 മുതൽ, പകരക്കാരനെ വിക്കറ്റ് കീപ്പു ചെയ്യാൻ അനുവദിക്കുന്നതിനായി എംസിസി ക്രിക്കറ്റ് നിയമങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. എന്നാൽ ഓൺ-ഫീൽഡ് അംപയർമാരുടെ അംഗീകാരത്തോടെയും മെഡിക്കൽ സാഹചര്യങ്ങളിലുമാണ് പകരക്കാരനെ അനുവദിക്കുക. അതിനാല്‍ ജുറൈലിന് കീപ്പ് ചെയ്യാന്‍ മാത്രമെ സാധിക്കുകയുള്ളൂ. കോവിഡ് സാഹചര്യങ്ങളില്‍ മാത്രമെ ഒരു കളിക്കാരന് പകരം ബാറ്റ് ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ.
പന്തിന്‍റെ അഭാവം ഇന്ത്യയ്ക്ക് ബാറ്റിങില്‍ തിരിച്ചടിയാകും. സീരിസില്‍ നാലു ഇന്നിങ്സില്‍ നിന്നായി രണ്ടു സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയും അടക്കം ഇന്ത്യയുടെ രണ്ടാമത്തെ ടോപ്പ് സ്കോററാണ് പന്ത്.