ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 471 റണ്‍സിന് പുറത്ത്. ഇന്ത്യയ്ക്കായി ഇന്ന് വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് സെഞ്ചറി തികച്ചു. പന്തിന്‍റെ വിക്കറ്റിന് ശേഷം ഇന്ത്യന്‍ നിരയില്‍ മികച്ച ആര്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. രണ്ടാം ദിനം 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്.
രണ്ടാം ദിനം മൂന്നിന് 359 റണ്‍സ് എന്ന നിലയില്‍ മല്‍സരം പുനരാംരംഭിച്ച ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ. 20 റണ്‍സ് കൂട്ടിച്ചേര്‍ത്ത് 147 റണ്‍സിലാണ് ഗില്‍ പുറത്തായത്. പിന്നാലെ വന്ന കരുണ്‍ നായര്‍ പൂജ്യത്തിന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 137 റണ്‍സുമായി പന്ത് പുറത്തായതോടെ ഇന്ത്യന്‍ വാലറ്റത്തിന് കാര്യമായൊന്നും ചെയ്യാനായില്ല.
England captain Ben Stokes reacts after bowling a delivery on day two of the first cricket test match between England and India at Headingley in Leeds, England, Saturday, June 21, 2025, (AP Photo/Scott Heppell)
രവീന്ദ്ര ജഡേജ 11 റണ്‍സെടുത്തു. ജസപ്രീത് ബുംറ പൂജ്യത്തിന് പുറത്തായപ്പോള്‍ ഷര്‍ദുല്‍ ഠാക്കൂറും പ്രസിദ് കൃഷണയും ഓരോ റണ്‍സ് വീതം നേടി. മൂന്ന് റണ്‍സെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ നിരയില്‍ പുറത്താകാതെ നിന്നത്.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്കും ജോഷ് ടോങും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് വീണ ഏഴില് ആറു വിക്കറ്റും നേടിയത് ഇരുവരുമാണ്. ബൈഡന്‍ ക്രേസും ഷോയിബ് ബഷീറിനും ഓരോ വിക്കറ്റുണ്ട്.
പിറന്നത് മൂന്ന് സെഞ്ചറി
തലകുത്തിച്ചാടിയാണ് പന്ത് സെഞ്ചറി ആഘോഷിച്ചത്. 12 ഫോറും 6 സിക്സും ഉള്‍പ്പെട്ടതാണ് പന്തിന്‍റെ ഇന്നിങ്സ്. ഓപ്പണര്‍ യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഇന്നലെ സെഞ്ചറി തികച്ചിരുന്നു. 101 റണ്‍സാണ് യശസ്വി ജയ്സ്വാള്‍ നേടിയത്. 147 റണ്‍സാണ് ഗിലിന്‍റെ ഇന്നിങ്സ്. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍–വൈസ് ക്യാപ്റ്റന്‍ സഖ്യം 209ന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
146 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് സെഞ്ചറി തികച്ചത്. കരിയറിലെ ഏഴാമത്തെ ടെസ്റ്റ് സെഞ്ചറി! ടെസ്റ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന ചരിത്രനേട്ടം പന്ത് സ്വന്തം പേരിലാക്കി. ആറ് ശതകം കുറിച്ച സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയെ മറികടന്നാണ് പന്ത് പട്ടികയില്‍ ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന വിക്കറ്റ് കീപ്പറും ഋഷഭ് പന്താണ്. പന്തിന്‍റെ ഏഴ് ടെസ്റ്റ് സെഞ്ചറികളില്‍ മൂന്നും ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ത്തന്നെയാണ് നേടിയത്.
ക്ലാസ്സിക്കല്‍ ശൈലിയും സാഹസികതയും സമന്വയിപ്പിച്ച ബാറ്റിങ്ങാണ് ഗില്ലും പന്തും കാഴ്ചവച്ചത്. അഞ്ച് ബോളര്‍മാര്‍ കഠിനപരിശ്രമം നടത്തിയിട്ടും ഇന്ത്യന്‍ ബാറ്റര്‍മാരെ കാര്യമായി പരീക്ഷിക്കാനായില്ല. ഇന്നലെ ജയ്‍സ്വാളിന്‍റെയും സായി സുദര്‍ശന്‍റെയും വിക്കറ്റെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലിഷ് ബോളര്‍മാരില്‍ മികവുകാട്ടിയത്.