ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ആദ്യ സെഷനുകളില്‍ ഇന്ത്യയുടെ മേല്‍കൈയാണ് കാണാന്‍ സാധിച്ചത്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടും യശസി ജയ്സ്വാളിന്‍റെ സെഞ്ചറിയും ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി. മല്‍സരത്തിനിടെ അപൂര്‍വമായ എക്സ്ട്രാ റണ്‍സ് ഇന്ത്യയ്ക്ക് ലഭിച്ചു.
ജയ്സ്വാളിന്‍റെ സെഞ്ചറിക്ക് പിന്നാലെ ബെന്‍ സ്റ്റോക്കിന്‍റെ 51–ാം ഓവറിലെ അഞ്ചാം ബൗളിലാണ് സംഭവം. ജയ്സ്വാളിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത് ഫീല്‍ഡര്‍ ഹാരി ബ്രൂക്കിന് മുന്നിലാണ് പന്ത് പതിച്ചത്. ബ്രൂക്കിന്‍റെ കയ്യില്‍ തട്ടി പന്ത് വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന്‍റെ പിന്നില്‍ വെച്ച ഹെല്‍മറ്റില്‍ തട്ടുകയായിരുന്നു. മല്‍സരത്തിനിടെ പന്ത് കീപ്പറുടെ പ്രൊട്ടക്ടീവ് ഹെല്‍മറ്റില്‍ തട്ടിയാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് എക്സ്ട്ര നല്‍കാം എന്നാണ് എംസിസി നിയമം 28.3.2 പറയുന്നത്.
സംഭവത്തിനൊപ്പം ജയ്സ്വാളും ഗില്ലും സിംഗിള്‍ ഓടിയിരുന്നു. ഇതോടെ എത്ര റണ്‍സ് ഇന്ത്യയ്ക്ക് നല്‍കണം എന്നതില്‍ ആശയകുഴപ്പമുണ്ടായിരുന്നു. അംപയര്‍മാരുടെ ചര്‍ച്ചയ്ക്ക് ശേഷം അഞ്ച് റണ്‍സ് എക്സ്ട്ര മാത്രം അനുവദിക്കുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ബെന്‍ സ്റ്റോക്കിന്‍റെ ഓവറില്‍ ജയ്സ്വാള്‍ ബൗള്‍ഡായി. 159 പന്തില്‍ 101 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. 14 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്.
ഇതുവരെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. 42 റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. ബ്രൈഡൻ കാർസിനാണ് വിക്കറ്റ്. അരങ്ങേറ്റ മല്‍സരത്തിനിറങ്ങിയ സായ് സുദര്‍ശന്‍ റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്റ്റോക്കിന്‍റെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തുമാണ് ക്രീസില്‍.