south-africawon

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് തോല്‍പിച്ചാണ് കന്നി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ഉയര്‍ത്തിയത്. എയ്ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറി നിര്‍ണായകമായി. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക–138, അഞ്ചിന് 282. റബാദ രണ്ടിന്നിങ്സിലുമായി 9 വിക്കറ്റുകള്‍ നേടി. 

പേസ് ബോളർമാരുടെ തകർപ്പൻ പ്രകടനത്തിനൊപ്പം, ഉജ്വല സെഞ്ചറിയുമായി കരുത്തുകാട്ടിയ ഓപ്പണർ എയ്ഡൻ മാർക്രം, ഉറച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ ടെംബ ബാവുമ എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന്റെ അടിത്തറ. മാര്‍ക്രം 207 പന്തിൽ 14 ഫോറുകൾ സഹിതം 136 റൺസെടുത്തു. ക്യാപ്റ്റൻ ടെംബ ബാവുമ 134 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 66 റൺസെടുത്തു പുറത്തായി. ഡേവിഡ് ബേഡിങ്ങാമും (49 പന്തിൽ 21), കൈൽ വെരെയ്നെയും (13 പന്തിൽ നാല്) പുറത്താകാതെനിന്നു.

56 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസുമായി മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക, ആദ്യ സെഷനിൽത്തന്നെ വിജയത്തിലെത്തി. നാലാം ദിവസം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റൻ ടെംബ ബാവുമയെ നഷ്ടമായി. പാറ്റ് കമിൻസ് എറിഞ്ഞ 59–ാം ഓവറിലെ അവസാന പന്തിൽ അലക്സ് ക്യാരി ക്യാച്ചെടുത്തു ബാവുമയെ പുറത്താക്കുകയായിരുന്നു. എട്ടു റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിനെ മിച്ചൽ സ്റ്റാർക്ക് ബോൾഡാക്കി. പിന്നാലെയെത്തിയ ഡേവിഡ് ബേഡിങ്ങാം മാർക്രത്തിന് പിന്തുണയുമായി നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്കു സാവധാനം മുന്നേറി. ജയിക്കാന്‍ ആറു റൺസ് കൂടി മതിയെന്ന ഘട്ടത്തിലെത്തിച്ച ശേഷമാണ് ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ മാർക്രം പുറത്തായത്.

ENGLISH SUMMARY:

South Africa vs Australia, WTC Final 2025 Day 4 : South Africa Clinch 1st ICC Title In 27 Years, Beat Australia In WTC Final