south-africa

TOPICS COVERED

ആദ്യ ലോകകിരീടം ചൂടാൻ ക്രിക്കറ്റ് ദൈവങ്ങൾ സ്ഥലവും സമയവും നേരത്തെ തന്നെ കുറിച്ചു വച്ചിട്ടുണ്ടോ?  ഉണ്ടെങ്കിൽ ദക്ഷിണാഫ്രിക്കക്കയുടെ കാലവും സ്ഥലവും ഇപ്പൊഴാണ് ഒത്തുവന്നത്. ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യൻപട്ടം ചൂടി. 

സ്ഥലം -ലോഡ്സ് 

കാലം -2025 ജൂൺ 14 

ഇന്ത്യൻ ക്രിക്കറ്റ് തല ഉയർത്തി ചങ്കൂറ്റത്തോടെ നിൽക്കാൻ തുടങ്ങിയതും ഇതേ മൈതാനത്ത് , അതും ഒരു ജൂണിൽ! 1983 ജൂൺ 25 നാണ്  ക്ലൈവ് ലോയിഡ് നയിച്ച അതിശക്തരായ വെസ്റ്റിൻഡീസിനെ കപിൽദേവ് നിഖഞ്ജ് നയിച്ച ' ചെകുത്താൻമാർ' മുട്ടുകുത്തിച്ചത്. അതേപോലെ ലോഡ്സിൽ വീണ്ടുമൊരു ജൂൺ. പാറ്റ് കമ്മിൻസ് നയിച്ച ഏകദിന ക്രിക്കറ്റ് ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയെ  ടെമ്പ ബാവുമ നയിച്ച ,ഇതുവരെ ഒരൊറ്റ ക്രിക്കറ്റ് ലോകകപ്പ് പോലും നേടാത്ത,  ദക്ഷിണാഫ്രിക്ക വീഴ്ത്തി.

ലോഡ്‌സും ജൂണും ഇന്ത്യൻ സ്പോർട്സിന്റെ തലവര മാറ്റിയതുപോലെ മഴവിൽ രാഷ്ട്രത്തിന്റേയും നിറം പൊലിപ്പിക്കട്ടെ !

ലോകക്രിക്കറ്റിലെ ഒന്നാന്തരം കളിക്കാർ, ടീമെന്ന നിലയിൽ സ്ഥിരതയാർന്ന പ്രകടനം, ഇതൊക്കെ സ്വന്തമായിട്ടും ഐ.സി.സി. ലോകകപ്പുകളിൽ ഹൃദയഭേദകമായ അവസാനമായിരുന്നു ഭക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ . 92 -ൽ മഴനിയമം വഴി തടഞ്ഞപ്പോൾ 99 ൽ ചെറിയൊരു അശ്രദ്ധ അലൻ ഡോണൾഡിനെ റണ്ണൗട്ടാക്കി.

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഞ്ചു തവണയാണ് അവർ സെമി ഫൈനലിൽ വീണത് . 1992, 1999, 2007, 2015, 2023 വർഷങ്ങളിൽ. ഏറ്റവും ഹൃദയഭേദകം 99-ൽ ഓസ്ട്രേലിയയുമായി ടൈ ആയതാണ്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ 2009 ലും 2014 ലും സെമി ഫൈനലിൽ വീണു. 1998-ൽ ഐ.സി.സി. ചാംപ്യൻസ് ട്രോഫിയിൽ ഒറ്റക്കളി പോലും തോൽക്കാതെ നേടിയ ജയം മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഇതുവരെയുള്ള സമ്പാദ്യം. അതു കൊണ്ടാണ് പറഞ്ഞത് ക്രിക്കറ്റ് ദൈവത്താന്മാരും സമയവും സ്ഥലവും കുറിച്ചുവയ്ക്കാറുണ്ടോയെന്ന്!

ദക്ഷിണാഫ്രിക്കയുടെ രണ്ടാം വരവ്

ഭരണകൂടത്തിന്റെ വർണവിവേചനനയങ്ങളെത്തുടർന്ന് 1970-ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിലക്കിയ ദക്ഷിണാഫ്രിക്ക രണ്ടുപതിറ്റാണ്ട് നഷ്ടമാക്കി. 1990 ൽ നെൽസൺ മണ്ടേലയുടെ മോചനം, തുടർന്ന് അദ്ദേഹത്തിന്റെ പ്രസ്ഥാനമായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്  ലഭിച്ച അംഗീകാരം ഇതൊക്കെയാണ് രാജ്യാന്തര ക്രിക്കറ്റ് രംഗത്ത് ദക്ഷിണാഫ്രിക്കയുടെ മടങ്ങി വരവിന് കളമൊരുക്കിയത്. ജയിൽമോചനത്തിന് ശേഷം മണ്ടേലയുടെ ആദ്യ ഇന്ത്യാ സന്ദർശനം 1990 ഒക്ടോബറിലായിരുന്നു. 

കൊൽക്കത്ത ( അന്ന് കൽക്കട്ട )യിലെ ഈഡൻ ഗാർഡൻസിലാണ് മണ്ടേലയയ്ക്ക് സ്വീകരണമൊരുക്കിയത്. മുഖ്യമന്ത്രി ജ്യോതി ബസുവിനൊപ്പം വേദിയിലെത്തിയ മണ്ടേലയ്ക്കുമുന്നിൽ പതിനായിരങ്ങളാണ് അഭിവാദ്യങ്ങളുമായി തടിച്ചുകൂടിയത്. ഒരു വർഷത്തിനു ശേഷം അതേ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്ക  രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിന് രണ്ടാം വരവ് കുറിച്ചു. 1991 നവംബർ 10 ന്.  മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിൽ ഇന്ത്യ കെല്ലർ വെസ്സൽസിന്റെ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോൾ കായികചരിത്രം മത്രമല്ല, ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടി എഴുതുകയായിരുന്നു. അന്ന് , വിലക്കിന്റെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന ദക്ഷിണാഫ്രിക്ക ടീം അംഗങ്ങളെക്കാണാൻ മദർ തെരേസ നേരിട്ടു വന്നതും വലിയ വാർത്തയായിരുന്നു. അടുത്ത രണ്ട് മൽസങ്ങൾ ഗ്വാളിയോറിലും ഡൽഹിയിലുമായിരുന്നു. പരമ്പര ഇന്ത്യ ജയിച്ചെങ്കിലും നമ്മളുടെ ക്രിക്കറ്റ് ആൽബങ്ങളിൽ കുറെ മുഖങ്ങൾ കൂടി ഇടം പിടിച്ചു. ആൻഡ്രൂ ഹഡ്സൺ, പീറ്റർ കേഴ്സ്റ്റൻ, ഹാൻസി ക്രോണ്യേ, ജോണ്ടി റോഡ്സ്, അലൻ ഡോണൾഡ്........ അങ്ങനെ കുറേപ്പേർ.

ടെസ്റ്റ് ക്രിക്കറ്റിലെ മടങ്ങി വരവിന് അവർക്ക് ഏതാനും മാസം മാത്രമെ കാത്തിരിക്കേണ്ടി വന്നുള്ളൂ. 1992 ഏപ്രിൽ 18ന് വെസ്റ്റിൻഡീസിലെ ബാർബഡോസിൽ കെൻസിങ്ടൺ ഓവലിൽ . 1970 ന് ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റായിരുന്നു ഇത്. ബ്രയാൻ ലാറയുടെ അരങ്ങേറ്റം കണ്ട ഈ ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ലീഡ്നേടിയെങ്കിലും അവർ 52 റൺസിന് വിൻഡീസിനോട് തോറ്റു. അവിടെ തുടങ്ങുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം വരവ്. ഇപ്പോഴിതാ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായ ലോഡ്സിൽ അവർ ലോക ടെസ്റ്റ് ചാംപ്യൻമാരായപ്പോൾ പുതുചരിത്രം എഴുതിച്ചേർക്കുക മാത്രമല്ല, നിർണായക  നിമിഷങ്ങളിൽ മുട്ടുവിറയ്ക്കുന്നവരെന്ന് എഴുതി കൊണ്ടിരുന്നവർക്ക് മറുപടി കൂടി നൽകുകയാണ്. വെൽഡൺ ഡിയേഴ്സ്..... പ്രത്യേകിച്ച് എയ്ഡൻ മാർക്കറം , കഗീസോ റബാഡ, ടെമ്പ ബാവുമ , ഈ രാത്രി നിങ്ങൾക്കുള്ളതാണ്..... ചീയേഴ്സ്.