Image Credit Screengrab:instagram.com/ss_suraj
ഒറ്റയേറില്‍ രണ്ട് വശത്തെയും കുറ്റി തെറിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് മഹാരാഷ്ട്ര താരം സൂരജ് ഷിന്‍ഡെ. മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ പുനേരി ബപ്പയും റായ്ഗഡ് റോയല്‍സും തമ്മിലുള്ള കളിക്കിടെയാണ് സൂരജിന്‍റെ മാസ്മരിക ത്രോ. പുനേരിയുടെ വിക്കറ്റ് കീപ്പറായിരുന്നു സൂരജ്. മല്‍സരത്തിന്‍റെ സെക്കന്‍റ് ഇന്നിങ്സിലെ ആദ്യ ഓവറിലാണ് വിഖ്യാതമായ റണ്‍ ഔട്ടുണ്ടായത്.
ആദ്യം ബാറ്റ് ചെയ്ത പുനേരി 203 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് റായ്ഗഡ് റോയല്‍സിന് മുന്നില്‍ ഉയര്‍ത്തിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ റായ്ഗഡ് താരം സിദ്ധേഷ് വീര്‍ പന്ത് ഓണ്‍ സൈഡിലേക്ക് അടിച്ചിട്ട ശേഷം സിംഗിളെടുക്കാന്‍ ശ്രമിച്ചു. വിക്കറ്റ് കീപ്പറായ സൂരജ് പന്ത് കൈക്കലാക്കിയതിന് പിന്നാലെ സ്റ്റംപിലേക്ക് എറിഞ്ഞു. സിംഗിളെടുക്കാന്‍ ഓടിത്തുടങ്ങിയ സിദ്ധേഷ് തിരിഞ്ഞോടി ക്രീസിലെത്തി. പക്ഷേ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് പാഞ്ഞ പന്ത് കുറ്റി തെറിപ്പിച്ചു. ഓടിത്തുടങ്ങിയ ഹര്‍ഷ് മൊഗവീര റണ്‍ഔട്ട്! വിഡിയോ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നേരത്തെ 12 പന്തില്‍ നിന്ന് 40 റണ്‍സ് ഷിന്‍ഡെ പുനേരിക്കായി അടിച്ച് കൂട്ടിയിരുന്നു. 99 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് മല്‍സരത്തില്‍ പുനേരി നേടിയത്.
ഇതാദ്യമായല്ല ഇത്തരത്തില്‍ റണ്‍ഔട്ട് ക്രിക്കറ്റില്‍ സംഭവിക്കുന്നത്. 2002 ബംഗ്ലദേശ് പ്രീമിയര്‍ ലീഗിനിനിടെ വിന്‍ഡീസ് താരം ആന്ദ്രേ റസ്സല്‍ ഇത്തരത്തില്‍ പുറത്തായിരുന്നു. സിംഗിളെടുക്കാനുള്ള ഓട്ടത്തിനിടെ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലായിരുന്ന റസലിനെ ലങ്കന്‍ താരം തിസാര പെരേരയാണ് പുറത്താക്കിയത്.