ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എയുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഔട്ടായിട്ടും ക്രീസ് വിടാതെ യശ്വസി ജയ്സ്വാള്‍. 25 പന്തില്‍ 17 റണ്‍സില്‍ നില്‍കെയാണ് യശ്വസി ക്രിസ് വോക്‌സിന്‍റെ പന്തില്‍ എല്‍ബിഡബ്ലു ആകുന്നത്. അംപയര്‍ ഔട്ട് വിളിച്ചെങ്കിലും കുറച്ചു നേരെ ക്രീസില്‍ നിന്ന് താരം തന്‍റെ അസംതൃപ്തി അറിയിക്കുകയായിരുന്നു.
രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിന്‍റെ ഏഴാം ഓവറിലാണ് സംഭവം. പന്ത് ഫ്ലിക്ക് ചെയ്യാനുള്ള ജയ്‌സ്വാളിന്‍റെ ശ്രമം പരാജയപ്പെട്ടു. അപ്പീലിന് പിന്നാലെ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും യശ്വസി ഔട്ട് സമ്മതിച്ചില്ല. ക്രീസില്‍ തന്നെ തുടര്‍ന്ന യശ്വസി പത്ത് സെക്കന്‍റിന് ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഡിആര്‍എസ് ഇല്ലാത്തതിനാല്‍ യശ്വസിക്ക് തീരുമാനം പുനപരിശോധിക്കാനും സാധിച്ചില്ല.
രണ്ട് ബൗണ്ടറികളോടെ മികച്ച ഇന്നിങ്സ് ലക്ഷ്യമിടുന്നതിനിടെയാണ് യശ്വസി പുറത്താകുന്നത്. ആദ്യ ടെസ്റ്റില്‍ 24, 64 എന്നിങ്ങനെയായിരുന്നു യശ്വസിയുടെ സ്കോര്‍.
ടോസ് നേടിയ ഇംഗ്ലണ്ട് ലയൺസ് ക്യാപ്റ്റൻ ജെയിംസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുലും യശ്വസിയുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ എ 100 റണ്‍സ് കടന്നിട്ടുണ്ട്. കരുണ്‍ നായരും കെഎല്‍ രാഹുലുമാണ് ക്രീസില്‍. ജൂണ്‍ 20 തിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ കെ.എൽ രാഹുലിനൊപ്പം ഇന്ത്യയ്ക്കായി യശ്വസി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. ഇന്ത്യ എയ്ക്കായുള്ള ആദ്യ മല്‍സരം രാഹുല്‍ കളിച്ചിരുന്നില്ല.