ashuthosh-sharma

ഇംഗ്ലണ്ടില്‍ ക്ലബ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ചറിയുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം അശുതോഷ് ശര്‍മ. ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ താരം 70 പന്തിലാണ് സെഞ്ചറി നേടിയത്. ലിവര്‍പൂള്‍ ജില്ല ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വിഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്‍റെ താരമായാണ് അശുതോഷ് ശര്‍മ കളിക്കാനിറങ്ങിയത്. അഞ്ചാമനായി ഇറങ്ങിയ താരം 70 പന്തിലാണ് സെഞ്ചറി നേടിയത്. ഇസിബി പ്ലീമിയര്‍ ലീഗിന്‍റെ ഭാഗമായാണ് മല്‍സരം. 

9.5 ഓവറില്‍ 17 ന് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് അശുതോഷ് ക്രീസിലെത്തിയത്. ഓപ്പണര്‍ അവീൻ ദാലുഗോഡുമായി ചേർന്ന് 23.4 ഓവറിൽ 153 റൺസിന്റെ കൂട്ടുകെട്ടാണ് അശുതോഷ് ഉണ്ടാക്കിയത്. എട്ട് ഫോറുകളും ആറ് സിക്സറുകളും ഉൾപ്പെടെ 136.99 സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ സെഞ്ചറി. സെഞ്ചറിക്കു തൊട്ടുപിന്നാലെ അശുതോഷ് പുറത്തായി. 

ഇതിനു പിന്നാലെ വിഗാൻ ക്രിക്കറ്റ് ക്ലബ് മറ്റൊരു കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്തു. 34–ാം ഓവറില്‍ മൂന്നിന് 170 റൺസ് എന്ന നിലയിലായിരുന്ന വിഗാൻ ക്ലബ്  41 ഓവറിൽ ഏഴിന് 195 റൺസ് എന്ന നിലയിലേക്ക് വീണു. 241 റൺസിനാണ് ടീം പുറത്തായത്. മറുപടി ബാറ്റിങ്ങിൽ അഞ്ചിന് 169 റൺസ് എന്ന നിലയിൽ തകർന്ന ഫോംബി ക്ലബ് ഒടുവിൽ വിജയത്തിലെത്തി.

മല്‍സരത്തിന് തൊട്ടുമുന്‍പ് പുലര്‍ച്ചെയാണ് താരം ഇംഗ്ലണ്ടിലെത്തിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിന്‍റെ താരമായിരുന്ന അഷുതോഷ് ഇത്തവണത്തെ മെഗാ ലേലത്തിലാണ് ഡല്‍ഹിയിലെത്തിയത്. 29.14 ശരാശരിയില്‍ 204 റണ്‍സാണ് ഈ സീസണില്‍ അശുതോഷ് നേടിയത്. ഡല്‍ഹി പ്ലേഓഫിലെത്താത്തതിനെ തുടര്‍ന്ന് അശുതോഷ് ഇംഗ്ലണ്ടിലേക്ക് കളിക്കാനെത്തുകയായിരുന്നു. 

ENGLISH SUMMARY:

Delhi Capitals player Ashutosh Mehta delivered a stunning performance in England’s Liverpool District Cricket Tournament, scoring a century off just 70 balls for Wigan Cricket Club. After the IPL, Mehta joined the ECB Premier League side and impressed with a solid knock as the No. 5 batsman.