AI Generated representative image
ഇംഗ്ലണ്ടില്‍ രണ്ടുമക്കളുടെ അമ്മയെ അറുപതിലേറെത്തവണ ബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ഭര്‍ത്താവടക്കം ആറുപേര്‍ അറസ്റ്റില്‍. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ നേതാവ് ഫിലിപ് യങ് ആണ് 13 വര്‍ഷത്തോളം ഭാര്യയെ ലൈംഗികവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും മറ്റ് അഞ്ചുപേരെ അതിന് അനുവദിക്കുകയും ചെയ്തത്. 2010 മുതല്‍ 2023 വരെയുള്ള കാലയളവിനിടെയാണ് അതിക്രമം അരങ്ങേറിയത്. യുവതിയെ മരുന്നുനല്‍കി അര്‍ധബോധാവസ്ഥയിലാക്കി ബലാല്‍സംഗം ചെയ്യുകയും വിഡിയോയും ഫോട്ടോകളും എടുക്കുകയും ചെയ്തിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നുള്ള അതിക്രമങ്ങള്‍ അരങ്ങേറിയത്.
ഫിലിപ് യങ്
മറ്റുള്ളവര്‍ ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് ഫിലിപ് യങ് കണ്ടാസ്വദിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 56 ലൈംഗികാതിക്രമക്കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 11 ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം, വോയൂറിസം, നഗ്നചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കല്‍, കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇതില്‍പ്പെടും. യങ്ങിനെ സ്വിന്‍ഡന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ജാമ്യത്തിലുള്ള മറ്റ് അഞ്ച് പ്രതികളും കോടതിയില്‍ ഹാജരായി.
അതിക്രമത്തിനിരയായ ജോആന്‍ യങ്ങിന് ഇപ്പോള്‍ 48 വയസുണ്ട്. പേരുവിവരങ്ങള്‍ രഹസ്യമായി വയ്ക്കാനുള്ള നിയമപരമായ അവകാശം ജോആന്‍ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. പാരിസില്‍ സമാനമായ രീതിയില്‍ ഭര്‍ത്താവ് അന്‍പതോളം പേര്‍ക്ക് കാഴ്ചവച്ച ജിസേല്‍ പെലികോട്ടിന്‍റെ മാതൃക പിന്തുടര്‍ന്നാണ് ജോആന്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതും ചിത്രങ്ങളടക്കം പരസ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടതും. ഫിലിപ് യങ്ങിനൊപ്പം ജോആനെ ആക്രമിച്ച അഞ്ച് പേരുടെയും വംശീയത ഉള്‍പ്പെടെ ബ്രിട്ടിഷ് പൊലീസ് പരസ്യപ്പെടുത്തി.
ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ മജിസ്ട്രേറ്റ് കോടതി
നോര്‍മന്‍ മക്‌സോണി (47), ഡീന്‍ ഹാമില്‍ട്ടണ്‍ (46), കോണര്‍ സാന്‍ഡേഴ്സന്‍ ഡോയല്‍ (31), റിച്ചഡ് വില്‍ക്കിന്‍സ് (61), മുഹമ്മദ് ഹസന്‍ (37) എന്നിവരാണ് മറ്റുപ്രതികള്‍. ഇതില്‍ നോര്‍മന്‍ ആഫ്രിക്കന്‍ വംശജനും മുഹമ്മദ് ഹസന്‍ ഏഷ്യന്‍ വംശജനുമാണ്. നേരത്തേ അറസ്റ്റിലായ ഇവര്‍ക്ക് അപ്പീലിലാണ് ജാമ്യം ലഭിച്ചത്. ഫിലിപ് യങ് ഇപ്പോഴും റിമാന്‍ഡിലാണ്. യങ്ങിന്‍റെ പക്കല്‍ നിന്ന് തീര്‍ത്തും അശ്ലീല ഉള്ളടക്കമുള്ള 82 ഫോട്ടോകളും കുട്ടികളുടെ ലൈംഗികത ഉള്‍പ്പെട്ട 230 ഫോട്ടോകളും ഒട്ടേറെ വിഡിയോകളും കണ്ടെടുത്തിരുന്നു.
2023ല്‍ ജോആന്‍ വിവാഹമോചനം നേടി. അതിസങ്കീര്‍ണമായ അന്വേഷണവും തെളിവുശേഖരണവും നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരാതി നല്‍കിയതുമുതല്‍ ജോആന് പൊലീസും മറ്റ് ഏജന്‍സികളും പൂര്‍ണപിന്തുണയും സഹായവും നല്‍കുന്നുണ്ട്. സൈക്കോളജിസ്റ്റുകളടക്കമുള്ളവരുമായി പലവട്ടം ചര്‍ച്ചചെയ്താണ് അവര്‍ സ്വന്തം പേരുള്‍പ്പെടെ രഹസ്യമാക്കിവയ്ക്കേണ്ടെന്ന് തീരുമാനിച്ചത്.
സ്വിന്‍ഡന്‍ ബറോ കൗണ്‍സിലര്‍ ആയിരുന്ന ഫിലിപ് യങ് 2010 മേയ് 6 വരെ കാബിനറ്റില്‍ സാംസ്കാരിക, സാമ്പത്തികവികസന വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പ്രതിനിധിയായി കോവിങ്ങാം, നൈത് ഡിവിഷനുകളെ നാലുവര്‍ഷത്തോളം പ്രതിനിധീകരിച്ചു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ എന്ന വിശദീകരണത്തോടെയാണ് യങ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയത്. ഇതിനുശേഷമാണ് ഭാര്യയ്ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മുഴുവന്‍ അരങ്ങേറിയത്.