ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ലെഗ്സ്പിന്നര്‍ സുയാന്‍ഷ് ശര്‍മയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഷെയ്ന്‍ വോണിനെപ്പോലൊരു ഇതിഹാസതാരമായി മാറാനുള്ള പ്രതിഭ സുയാന്‍ഷിലുണ്ട്.
ഐപിഎല്‍ അരങ്ങേറ്റത്തില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ വിക്കറ്റുകള്‍ പിഴുത സുയാന്‍ഷാണ് ഈ സീസണില്‍ ചലഞ്ചേഴ്സിന്റെ ബോളിങ്ങിന് കരുത്ത് കൂട്ടിയത്. ഡല്‍ഹിക്കാരനായ സുയാന്‍ഷ് ശര്‍മ 2022ലാണ് ഐപിഎല്ലിലേക്ക് എത്തുന്നത്. 20ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ സുയാന്‍ഷിന്റെ ആദ്യ മല്‍സരം 2023ല്‍ ആയിരുന്നു. അരങ്ങേറ്റത്തില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ മൂന്ന് വിക്കറ്റെടുത്ത് മിന്നും തുടക്കമിട്ടു. അതുകൊണ്ടുതന്നെ 2025ലെ ലേലത്തില്‍ രണ്ടരക്കോടിക്ക് ഈ 22കാരനെ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി.
ഒന്നാം ക്വാളിഫയറില്‍ കരിയറിലെ മികച്ച പ്രകടനമാണ് സുയാന്‍ഷ് കാഴ്ചവച്ചത്. വെറും 17 റണ്‍സ് വിട്ടുകൊടുത്ത് സുയാന്‍ഷ് പഞ്ചാബ് കിങ്സിന്റെ മൂന്ന് വിക്കറ്റെടുത്തു. ഇതുവരെ ഈ സീസണില്‍ 13 മല്‍സരം കളിച്ച സുയാന്‍ഷ് എട്ടുവിക്കറ്റുകള്‍വീഴ്ത്തി. ലെഗ്സ്പിന്‍ ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റെയും അബ്ദുള്‍ ഖാദിറിന്റെയും ബോളിങ് ആക്ഷന്‍ ഓര്‍മപ്പെടുത്തുന്നതാണ് സുയാന്‍ഷിന്റെ ബോളിങ് ശൈലി. ലെഗ്ബ്രേക്കും ഗുഗ്ലിയും ഫ്ലിപ്പറുമായി സ്റ്റംപ് ടു സ്റ്റം പായിരുന്നു സുയാന്‍ഷ് പ്രയോഗിച്ചത്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ജനിച്ച സുയാന്‍ഷ് ആദ്യം ബാറ്റര്‍ ആയിട്ടാണ് ക്രിക്കറ്റ് കളി തുടങ്ങിയത്. പിന്നാലെ ലെഗ്സ്പിന്നിലേക്ക് തിരിയുകയായിരുന്നു. വിരാട് കോലിയുടെ ആദ്യകാല പരിശീലകനായിരുന്ന സുരേഷ് ബാത്രയാണ് സുയാന്‍ഷിന്റെയും ആദ്യ ക്രിക്കറ്റ് ഗുരു.
രണ്ടരക്കോടിക്ക് റോയല്‍ചലഞ്ചേഴ്സിലേക്ക് എത്തിയ സുയാന്‍ഷിന് ഹെര്‍ണിയയ്ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. സുയാന്‍ഷിനെ ലണ്ടനില്‍ അയച്ച് ആര്‍സിബി തന്നെയാണ് ശസ്ത്രക്രിയക്ക് വേണ്ടസഹായമെല്ലാം ചെയ്തത്. ആര്‍സിബിയുടെ ഈ കരുതലാണ് തനിക്ക് ക്രിക്കറ്റ് ഫീല്‍ഡിലേക്ക് ഊര്‍ജത്തോടെ എത്താന്‍ സഹായിച്ചതെന്ന് സുയാന്‍ഷ് തന്നെ പറയുന്നു. സ്പിന്‍ ബോളിങ്ങില്‍ ഇന്ത്യയുടെ ഭാവി സുയാന്‍ഷിന്റെ ഫ്ലിപ്പറിലും ഗൂഗ്ലിയിലും ലെഗ്ബ്രേക്കിലും ഭദ്രമെന്നാണ് ഐപിഎല്ലിലെ പ്രകടനം സൂചിപ്പിക്കുന്നത്.