ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന വിദേശ താരമായി മാറിയത് ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീനായിരുന്നു. 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കിയത്. എന്നാല്‍ കാമറൂണ്‍ ഗ്രീനിന് കയ്യില്‍ കിട്ടുക 18 കോടി മാത്രമാണെന്നതാണ് ഐപിഎല്‍ ചട്ടം.
ഐപിഎല്‍ മിനി ലേലത്തില്‍ ഒരു വിദേശ താരത്തെ എത്ര കോടി രൂപയ്ക്ക് ലേലത്തില്‍ വിളിച്ചാലും, താരത്തിന് ലഭിക്കുന്ന പരമാവധി ശമ്പളത്തിന് പരിധിയുണ്ട്. ലേലത്തില്‍ 18 കോടിയിലധികം വിളിച്ചെടുത്താലും കരാര്‍ മൂല്യം 18 കോടിയില്‍ കൂടാന്‍ പാടില്ലെന്നാണ് ഐപിഎല്‍ ചട്ടം.
ഐപിഎല്‍ ലേലത്തില്‍ വിദേശ താരങ്ങള്‍ക്ക് ലഭിക്കാവുന്ന പരാമാവധി തുക കണക്കാക്കുന്നത് രണ്ടു തരത്തിലാണ്. ഏറ്റവും ഉയർന്ന റിട്ടൻഷൻ തുകയോ കഴിഞ്ഞ മെഗാ ലേലത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയോ ഏതാണ് കുറവ് എന്നത് അടിസ്ഥാനമാക്കിയാണ് ശമ്പള പരിധി നിശ്ചയിക്കുക. ഏറ്റവും ഉയര്‍ന്ന റിട്ടന്‍ഷന്‍ തുക 18 കോടി രൂപയാണ്. കഴിഞ്ഞ ലേലത്തിലെ ഉയര്‍ന്ന ലേലത്തുക റിഷഭ് പന്തിന് ലഭിച്ച 27 കോടി രൂപയും. ഇവിടെ റിട്ടന്‍ഷന്‍ തുകയായ 18 കോടി രൂപയാണ് ഉയര്‍ന്ന സ്ലാബായി നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ 18 കോടിക്ക് മുകളില്‍ ഒരു വിദേശതാരത്തിന് ഐപിഎല്‍ ശമ്പളമായി ലഭിക്കില്ല. ലേലം വിളിച്ചതുകയില്‍ അധികം വരുന്ന തുക ബിസിസിഐയുടെ വെല്‍ഫയര്‍ ഫണ്ടിലേക്ക് പോകും.
ടീമുകള്‍ ലേലത്തില്‍ വിളിച്ചെടുക്കുന്ന മുഴുവന്‍ തുകയും ചെലവാണ്ടി വരും. ഉദാഹരണമായി 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത കാമറൂണ്‍ ഗ്രീന് 18 കോടി രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുക. ബാക്കി വരുന്ന 7.20 കോടി രൂപ കൊല്‍ക്കത്ത ഫ്രാഞ്ചൈസി ബിസിസിഐയിലേക്ക് കൈമാറേണ്ടി വരും.
ഐപിഎല്‍ മിനി ലേലത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് മില്ലറാണ് ആദ്യം ലേലത്തില്‍ പോയത്. രണ്ടു കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് ഡേവിഡ് മില്ലറെ സ്വന്തമാക്കിയത്. വനിന്‍ഡു ഹസരംഗ രണ്ടു കോടിക്ക് ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റസിലെത്തി. വെങ്കിടേഷ് അയ്യര്‍ ഏഴു കോടിക്ക് ആര്‍സിബിയിലെത്തി. ഡി കോക്കിനെ മുംബൈ ഇന്ത്യന്‍സ് ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കി. ബൈന്‍ ഡുക്കറ്റ് 2 കോടിക്ക് ഡല്‍ഹിയിലെത്തി. ഫിന്‍ അലന്‍ രണ്ടു കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തി.