ഐപിഎല്‍ മെഗാലേലത്തില്‍ ഞെട്ടിച്ച വാങ്ങലുകളിലൊന്നാണ് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോഷ് ഇംഗ്ലിസിന്‍റേത്. നാലു മത്സരം മാത്രം കളിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച താരത്തിനായി ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സ് ചെലവാക്കിയത് 8.60 കോടിയാണ്. ആദ്യ റൗണ്ടില്‍ ആരും വാങ്ങാന്‍ തയ്യാറാകാതിരുന്ന താരത്തിനായി രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ കടുത്ത മത്സരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സും തമ്മിലുണ്ടായത്.
ഐപിഎല്‍ താര ലേലത്തിന് മുന്‍പ് തന്നെ നാലു മത്സരങ്ങളില്‍ മാത്രമെ കളിക്കുകയുള്ളൂവെന്ന് ഇംഗ്ലീസ് അറിയിച്ചിരുന്നു. ഐപിഎല്‍ സീസണിന്‍റെ സമയത്താണ് വിവാഹം. വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം ഐപിഎല്‍ സീസണില്‍ പൂര്‍ണമായും ഉണ്ടാകില്ലെന്നാണ് ഇംഗ്ലീസ് നല്‍കിയ വിശദീകരണം.
ഇത്തരം സാഹചര്യങ്ങളില്‍ നിയന്ത്രണങ്ങളുള്ള താരങ്ങളെ ഫ്രാഞ്ചൈസികൾ ഒഴിവാക്കാറുണ്ട്. അതിനാല്‍ ആദ്യ റൗണ്ടില്‍ ഇംഗ്ലിസിനെ വാങ്ങാന്‍ ആളുണ്ടായില്ല. രണ്ടാം റൗണ്ടില്‍ സണ്‍റൈസേഴ്സും ലഖ്നൗ ഫ്രാഞ്ചൈസിയും തമ്മില്‍ മത്സരിച്ച് ലേലം വിളിച്ചതോടെ രണ്ടു കോടി അടിസ്ഥാന വിലയില്‍ നിന്നാണ് 8.60 കോടിയിലേക്ക് വില എത്തിയത്.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനായിരുന്നു ഇംഗ്ലീസ് കളിച്ചത്. കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച ഇംഗ്ലീസ് 30.89 ശരാശരിയില്‍ 278 റണ്‍സാണ് നേടിയത്. 162.57 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ടാം ക്വാളിഫയറില്‍ 42 പന്തില്‍ 73 റണ്‍സ് നേടിയ ഇന്നിങ്സാണ് പഞ്ചാബിനെ ഫൈനലിലെത്തിച്ചത്. ട്വന്‍റി20യില്‍ 162 മത്സരങ്ങള്‍ കളിച്ച താരം, 3,853 റണ്‍സ് നേടിയിട്ടുണ്ട്. 149.98 ആണ് സ്ട്രൈക്ക്റേറ്റ്.
ജോഷ് ഇംഗ്ലിസിന് പുറമെ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ (2 കോടി), ആൻറിച്ച് നോർട്ട്ജെ (2 കോടി), അക്ഷത് രഘുവൻഷി (2.2 കോടി), മുകുൾ ചൗധരി (2.6 കോടി), നമൻ തിവാരി (1 കോടി) എന്നിവരെയാണ് ലഖ്നൗ ഫ്രാഞ്ചൈസി ലേലത്തിലൂടെ ടീമിൽ ഉൾപ്പെടുത്തിയത്.