Lahore Qalandars' Sikandar Raza celebrates after winning the Pakistan Super League Twenty20 final cricket match against Quetta Gladiators, in Lahore, Pakistan, Sunday, May 25, 2025. (AP Photo/K.M. Chaudary)
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലിനോളം ആവേശമുണ്ടായിരുന്നു സിംബാബെ താരം സിക്കന്ദര്‍ റാസയുടെ എന്‍ട്രിക്ക്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാന്‍ പോയ സിംബാബെ താരം ഫൈനല്‍ മല്‍സരത്തിന്‍റെ ടോസിടുന്നതിന് പത്ത് മിനുട്ട് മുന്‍പാണ് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലെത്തിയത്. സിക്കന്ദര്‍ റാസയുടെ നിര്‍ണായക ഇന്നിങ്സില്‍ ക്വറ്റ ഗ്ലാഡിയേറ്ററിനെതിരെ ലഹോര്‍ ഖലന്ദേഴ്സ് ആറു വിക്കറ്റ് വിജയവും നേടി.
ഏഴു പന്തില്‍ 22 റണ്‍സാണ് സിക്കന്ദര്‍ റാസ നേടിയത്. ഒരു പന്ത് േശഷിക്കെ ബൗണ്ടറിയടിച്ചാണ് റാസ ടീമിനെ വിജയത്തിലെത്തിച്ചത്.
സിംബാബെയുടെ ഇംഗ്ലീഷ് പര്യടനത്തില്‍ കളിക്കാനാണ് സിക്കന്ദര്‍ റാസ ഇംഗ്ലണ്ടിലേക്ക് പറന്നത്. 24 മണിക്കൂര്‍ മുന്‍പ് നോട്ടിങ്ഹാമില്‍ ടെസ്റ്റ് കളിച്ച താരം ബിര്‍മിങ്ഹാമിലെത്തി ദുബായ്, അബുദാബി വഴിയാണ് ലഹോറിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ ഇന്നിങ്സിനും 45 റണ്‍സിനും സിംബാബെ തോറ്റതോടെ നേരത്തെ പാക്കിസ്ഥാനിലേക്ക് എത്താന്‍ പറ്റി. 'ബിര്‍മിങ്ഹാമില്‍ ഡിന്നര്‍, ദുബായില്‍ ബ്രേക്ക്ഫാസ്റ്റ്, അബുദാബിയില്‍ ലഞ്ച്, പാക്കിസ്ഥാനില്‍ ഡിന്നര്‍, ഈ ജീവിതത്തില്‍ ഞാന്‍ ഭാഗ്യവാനാണ്' എന്നാണ് സിക്കന്ദര്‍ റാസ പറഞ്ഞത്.
രണ്ട് ടീം ഷീറ്റുമായാണ് ലഹോര്‍ ഫ്രാഞ്ചൈസി ഫൈനലിനൊരുങ്ങിയത്. സിക്കന്ദര്‍ റാസ എത്തിയിരുന്നില്ലെങ്കില്‍ ബംഗ്ലാദേശ് താരം ഷക്കിബ് അല്‍ ഹസനായിരുന്നു ടീമിന്‍റെ ചോയിസ്. 202 റണ്‍സ് ചെയ്സ് ചെയ്താണ് ലഹോര്‍ ഖലന്ദേഴ്സ് വിജയിച്ചത്. പിഎസ്എല്‍ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന ചേയിസിങാണിത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ക്വറ്റ 201 റണ്‍സെടുത്തത്.
ലഹോര്‍ ഫ്രാഞ്ചൈസി താരമായ റാസ, ഇന്ത്യ– പാക്ക് സംഘര്‍ഷത്തിന് പിന്നാലെ ലീഗ് നിര്‍ത്തിവെച്ച ശേഷമാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. മല്‍സരം പുനരാരംഭിച്ച ശേഷം തിരിച്ചെത്തിയ റാസ നോക്കൗട്ട് മല്‍സരത്തില്‍ െപഷവാര്‍ സാല്‍മിക്കെതിരെ കളിച്ചു. ഈ മല്‍സരത്തില്‍ ലഹോര്‍ ഫ്രാഞ്ചൈസി വിജയിച്ച ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങി ടെസ്റ്റ് കളിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സില്‍ റാസ 68 പന്തില്‍ 60 റണ്‍സ് നേടിയിരുന്നു.