അടുത്തമാസം ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള അണ്ടര്‍–19 ടീമിനെ പ്രഖ്യാപിച്ചു. ആയുഷ് മാത്രെ ക്യാപ്റ്റനാകും. മലയാളി താരം മുഹമ്മദ് ഇനാനും ക്രിക്കറ്റിലെ കൗമാരവിസ്മയമായ 14കാരന്‍ വൈഭവ് സൂര്യവംശിയും ഇംഗ്ലണ്ട് പര്യടനത്തിനുണ്ട്. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് പര്യടനം. സന്നാഹ മല്‍സരം, ഏകദിന പരമ്പര,ടെസ്റ്റ് മല്‍സരം എന്നിവയാണ് പര്യടനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
ജൂണ്‍ 24ന് ലോങ്ബറോയില്‍ ഇംഗ്ലണ്ടിന്‍റെ അണ്ടര്‍–19 ടീമുമായി സന്നാഹ മല്‍സരം, 27, 30 ജൂലൈ 2,5,7 തീയതികളില്‍ ഹൂവിലും നോര്‍താംപ്ടണിലും വോര്‍സ്റ്ററിലുമായി ഏകദിന മല്‍സരങ്ങള്‍, ജൂലൈ 12ന് ബെക്കിങ്ഹാമില്‍ ആദ്യ ടെസ്റ്റ്, ജൂലൈ 23ന് ചെംസ്ഫോഡില്‍ രണ്ടാം ടെസ്റ്റ് എന്നിങ്ങനെയാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ബിസിസിഐ അറിയിച്ചു.
ടീം ഇങ്ങനെ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ് സിന്‍ഹ ചാവ്ദ, രാഹുല്‍ കുമാര്‍, അഭിജ്ഞാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹര്‍വംശ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബ്രിഷ്, കനിഷ്ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധാജിത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോള്‍ജീത് സിങ്. ഇവര്‍ക്ക് പുറമെ പകരക്കാരായി നമന്‍ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലംകൃത് റപോള്‍ (വിക്കറ്റ് കീപ്പര്‍) എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ കഴിഞ്ഞയാഴ്ച ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. അഭിമന്യു ഈശ്വരനാകും എ ടീമിനെ നയിക്കുക. ധ്രുവ് ജുറേല്‍ വൈസ് ക്യാപ്റ്റനും. ടീം ഇങ്ങനെ: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍, നിതിഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, മാനവ് സുതര്‍, തനുഷ് കൊട്യാന്‍, മുകേഷ് കുമാര്‍, ആകാഷ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുള്‍ കംബോജ്, ഖലീല്‍ അഹ്മനദ്, ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദൂബെ.
അതേസമയം, ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരേക്കും പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ തീരുമാനമാകാത്തതിനാലാണ് ടീമിനെ പ്രഖ്യാപിക്കുന്നത് വൈകുന്നതെന്നാണ് സൂചന. ശുഭ്മന്‍ ഗില്ലിനാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന. അതേസമയം പരിചയ സമ്പത്ത് മുന്‍നിര്‍ത്തി ജസ്പ്രീത് ബുമ്രയെ ക്യാപ്റ്റനാക്കണമെന്ന വാദവുമുണ്ട്. കെ.എല്‍. രാഹുലും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.