Image: AFP (Left), AP (Right)
ലോക ടെസ്റ്റ് ചാംപ്യന്‍ മൈറ്റി ഓസീസോ അതോ ദക്ഷിണാഫ്രിക്കയോ? അതറിയണമെങ്കില്‍ ജൂണ്‍ 11 വരെ കാത്തിരിക്കണം. എന്നാല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഐസിസി. 3.6 ദശലക്ഷം യുഎസ് ഡോളറാണ് (30 കോടിയിലേറെ രൂപ) ഇത്തവണത്തെ സമ്മാനത്തുക. കഴിഞ്ഞ രണ്ട് സീസണുകളെക്കാള്‍ ഇരട്ടിയോളം വരുമിത്. റണ്ണര്‍ അപിന് 2.1 ദശലക്ഷം യുഎസ് ഡോളറും (ഏകദേശം 17.97 കോടി രൂപ) സമ്മാനമായി ലഭിക്കും.
FILE PHOTO: Cricket - ICC World Test Championship Final - Australia v India - The Oval, London, Britain - June 11, 2023 Australia's Pat Cummins celebrates with the ICC Test Mace on the podium along with teammates after winning the World Test Championship final Action Images via Reuters/Paul Childs/File Photo
കഴിഞ്ഞ രണ്ട് സീസണുകളിലെ ജേതാക്കളായ ന്യൂസീലന്‍ഡിനും ഓസ്ട്രേലിയയ്ക്കും 1.6 ദശലക്ഷം വീതമാണ് സമ്മാനത്തുകയായി ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന് തന്നെയാണ് പ്രാമുഖ്യമെന്ന നയത്തിന് അടിവരയിടുന്നതാണ് സമ്മാനത്തുകയിലെ വര്‍ധനവെന്നും ഐസിസി വ്യക്തമാക്കി.
ചാംപ്യന്‍മാര്‍ക്കായുള്ള പോരാട്ടത്തില്‍ നിന്ന് പുറത്തായെങ്കിലും ഇന്ത്യയ്ക്കും കിട്ടും കോടികള്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 1.4 ദശലക്ഷം യുഎസ് ഡോളറും (ഏകദേശം 12 കോടി രൂപ) നാലാം സ്ഥാനത്തുള്ള ന്യൂസീലാന്‍ഡിന് 1.2 ദശലക്ഷം യുഎസ് ഡോളറും (ഏകദേശം 10 കോടിയോളം രൂപ)യും സമ്മാനത്തുകയായി ലഭിക്കും. അഞ്ചാമതെത്തിയ ഇംഗ്ലണ്ടിന് എട്ടുകോടിയോളം രൂപയും ആറാമതുള്ള ശ്രീലങ്കയ്ക്ക് ഏഴു കോടിയിലേറെ രൂപയും കിട്ടും.
2023–25 ടെസ്റ്റ് സീസണില്‍ 12 കളികളില്‍ നിന്നും എട്ട് ജയവുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. പാക്കിസ്ഥാനെതിരെ രണ്ട് വിക്കറ്റിന്‍റെ നാടകീയ ജയത്തോടെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ആദ്യം കടന്നത്. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസീസ് ഫൈനലില്‍ എത്തിയത്. ഇരുടീമുകളും ഫൈനല്‍ മല്‍സരത്തിനായുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ശേഷം ക്രീസിലേക്ക് തിരിച്ചെത്തുന്ന കഗീസോ റബാദയും കഴിഞ്ഞ വര്‍ഷം നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന കാമറൂണ്‍ ഗ്രീനുമാകും ശ്രദ്ധാകേന്ദ്രം. ലോര്‍ഡ്സില്‍ ജൂണ്‍ പതിനൊന്നിനാണ് ഫൈനല്‍ മല്‍സരം.