ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വിരാട് കോലി ആദ്യം പോയത് ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേയ്ക്ക്. മനസിന്റെ ശാന്തി പ്രധാനമെന്ന് വിശ്വസിക്കുന്ന കോലി ബുദ്ധ പൂര്‍ണിമ ദിനം ആണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ശാരീരികക്ഷമതയ്ക്കൊപ്പം മനസിന്റെ ആരോഗ്യത്തെക്കുറിച്ചും പലവട്ടം സംസാരിച്ചിട്ടുള്ള, അതിന് കുടുംബത്തിന്റെ പിന്തുണയും ആവശ്യമെന്ന് പറഞ്ഞിട്ടുള്ള കോലി വിരമിക്കല്‍ പ്രഖ്യാപനം സമൂഹമാധ്യമത്തില്‍ ഇട്ടതിന് പിന്നാലെ ഭാര്യ അനുഷ്ക ശര്‍മയുമൊത്ത് മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ആദ്യം പോയത്. മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ കോലി ആത്മീയ ഗുരുവാക്കിയിരുന്നു.
അതുകൊണ്ടുതന്നെയാണ് മഥുരയിലെ വൃന്ദാവനിലേക്കുതന്നെ കോലി ആദ്യം പോയത്. രാവിലെ ടാക്സിക്കാറിലാണ് കോലിയും അനുഷ്കയും ആശ്രമത്തിലെത്തിയത്. രാവിലെ ഏഴുമണിയോടെ ആത്മീയഗുരുവായ പ്രേമാനന്ദ ജി മഹാരാജിനെ കണ്ടു. ശ്രദ്ധയോടെ ഗുരുവിന്റെ വാക്കുകള്‍ കേട്ട കോലിയുടെ മുഖത്ത് ഒരു മന്ദഹാസം കാണാമായിരുന്നു. ഏഴുമിനിറ്റോളം ഗുരുവിനൊപ്പം കോലി ചെലവഴിച്ചു.ഇതിന് മുമ്പ് 2023 ജനുവരിയിലും 2025 ജനുവരിയിലും കോലി വൃന്ദാവനിലെ ആശ്രമത്തിലെത്തിയിട്ടുണ്ട്.
വിജയത്തിനായി രണ്ട് കാര്യങ്ങള്‍ ആവശ്യമെന്ന് വിരാട് കോലി പറഞ്ഞിട്ടുണ്ട് ഒന്ന് പരിശീലനവും മറ്റൊന്ന് വിധിയും. പരിശീലനം മാത്രമെങ്കില്‍ വിജയം ദുഷ്കരം ആകും. വിധി ശരിയാവണമെങ്കില്‍ ദൈവത്തെ കൂടുതല്‍ ആയി അറിയണമെന്നാണ് വിരാട് കോലിയുടെ പറയുന്നത്. ശരീരത്തിന്റെ ഫിറ്റ്നസിനൊപ്പം മനസിന്റെ ഫിറ്റനസും കാത്തുസൂക്ഷിക്കുന്നതിനാണ് വിരാട് ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു.