ആരാധകർ ആർത്തിരമ്പുന്ന ഗാലറികളുടെ അകമ്പടിയോടെ ആ ബാലൻ പച്ചപ്പുൽത്തകിടിയില്‍ കാലൂന്നുമ്പോൾ ഐപിഎൽ എന്ന ക്രിക്കറ്റ് പ്രപഞ്ചത്തിന്റെ ഈരേഴ് പതിനാലു ലോകവും കീഴടക്കുമെന്ന് ആരും കരുതിയില്ല. ഒരുമിച്ചെടുത്താല്‍ 694 രാജ്യാന്തരമല്‍സരങ്ങള്‍ കളിച്ച, പിച്ചില്‍ പുലികളായ ബോളർമാര്‍ മുന്നില്‍. തന്നോളം പോന്ന ബാറ്റുമായി ആ പതിനാലുകാരൻ അവരെ നേരിടാന്‍ നിൽക്കുമ്പോൾ ജയ്പൂർ സ്റ്റേഡിയത്തിലെ കാണികൾ ഒരു നിമിഷം നിശബ്ദരായി. പക്ഷേ ആ നിശബ്ദതയ്ക്കു പിന്നാലെ കണ്ടത് ഗാലറികളിൽനിന്ന് ഒന്നിനുപുറകെ ഒന്നായി ആരവത്തിന്‍റെ അലകൾ ആഞ്ഞടിക്കുന്നതാണ്.
ബാറ്റ് കൊണ്ട് വൈഭവം സൃഷ്ടിച്ചു ആ ബീഹാറുകാരൻ, വൈഭവ് സൂര്യവംശി. ഐപിഎൽ അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യപന്ത് പവലിയനിലേക്ക് സിക്സർ തൂക്കിയാണ് അവന്‍ തേരോട്ടത്തിന് തുടക്കമിട്ടത്. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ പുൽനാമ്പുകൾ ആ കഥ മറന്നിട്ടില്ല. പക്ഷേ തിങ്കളാഴ്ച കണ്ടത് അതൊന്നുമായിരുന്നില്ല. നല്ല ഒന്നാന്തരം ത്രില്ലര്‍!
ഗുജറാത്തിന്റെ വജ്രായുധമായ റാഷിദിന്റെ ആദ്യ ഓവറിൽ വൈഭവിന് റൺ അധികം കണ്ടെത്താനായില്ല. അവന്‍റെ മുഖത്തു നോക്കി വെല്ലുവിളി എന്നോണം റാഷിദ് ഒന്നുചിരിച്ചു. വർഷങ്ങൾക്കു മുൻപ് അബ്ദുൽ ഖാദിർ എന്ന പാക്കിസ്ഥാനി സ്പിന്നർ 16 വയസ്സുള്ള സച്ചിൻ തെൽഡുൽക്കറോട് പറഞ്ഞു - ''പുതുമുഖ ബോളർമാരെ പ്രഹരിക്കുന്നതിൽ ഒരു കാര്യവുമില്ല. സാധിക്കുമെങ്കിൽ നീ എന്നെ അടിക്കൂ...'' ഖാദിറിന്‍റെ അടുത്ത ഓവറിൽ 28 റണ്‍സാണ് സച്ചിൻ അടിച്ചുകൂട്ടിയത്. തന്നെ നോക്കി ചിരിച്ച റാഷിദിന്റെ ബോളിൽ സിക്സറടിച്ച് വൈഭവ് ശതകം പൂർത്തിയാക്കിയപ്പോള്‍ സച്ചിന്‍ പോലും തന്റെ പഴയകാലം ഓര്‍ത്തിരിക്കും. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍. വൈഭവ് സൂര്യവംശി.
ആദ്യം ബാറ്റെടുത്ത ഗുജറാത്തിന് എല്ലാം അനുകൂലമായിരുന്നു. ഓപ്പണർമാരും അവസാന ഓവറുകളിൽ ജോസ് ബട്‌ലറും കളം നിറഞ്ഞപ്പോള്‍ അനായാസം സ്കോര്‍ 200 കടന്നു. പോയിൻറ് പട്ടികയിൽ താഴെയറ്റത്ത് കിടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും ഗുജറാത്ത് പ്രതീക്ഷിച്ചിരുന്നില്ല.
എന്നാൽ വൈഭവ് നിറഞ്ഞാടിയതോടെ ഒറ്റയടിക്ക് ആ സ്വപ്നങ്ങളെല്ലാം തകര്‍ന്നുവീണു. മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ വമ്പൻമാരെ അടിച്ച് തകർത്താണ് പയ്യന്‍ ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി കുറിച്ചത്. വെറും 35 പന്തിൽ! 38 പന്തിൽ 101 റൺസ് എടുത്ത് വൈഭവ് പുറത്തായപ്പോൾ ആ ബാറ്റിൽ നിന്ന് പിറന്ന 11 സിക്സറുകളുടെയും ഏഴു ഫോറുകളുടെയും മാധുര്യം നുണയുകയായിരുന്ന ഗാലറികൾ.
ഐപിഎൽ താരലേലത്തിൽ വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപ നൽ കിയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. ക്രിക്കറ്റിന്റെ പുതുതലമുറയുടെ കിരീടാവകാശിയായി സൂര്യപ്രഭയിൽ വൈഭവ് പ്രശോഭിക്കുന്ന കാഴ്ചക്കായി ആരാധകർക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. വിജയത്തിന്‍റെയും പ്രശസ്തിയുടെയും വെള്ളിവെളിച്ചത്തില്‍ അവന്‍ സ്വയംമറക്കാതിരിക്കട്ടെ, അടിസ്ഥാനപാഠങ്ങള്‍ അവഗണിക്കാതിരിക്കട്ടെ, ആ ചുവടുകള്‍ ഭൂമിയിലുറച്ചുനില്‍ക്കട്ടെ. ആകാശവും കടന്ന് വളരാന്‍ മറ്റൊന്നും വേണ്ടിവരില്ല.