ജയ്‌പൂരില്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത അമ്മയും രണ്ട് മക്കളും ട്രക്കിടിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി ദിദ്‌വാന–കച്ചാമന്‍ ജില്ലയിലെ ഗൊരേദി ഗ്രാമത്തിലാണ് അപകടം. ലാദ്‍നുന്‍ സ്വദേശി ശാരദ (47), മക്കളായ ലാദ (12), അങ്കിത (10) എന്നിവരാണ് മരിച്ചത്. മൂത്ത മകള്‍ അക്ഷിത (14) ഗുരുതരപരുക്കുകളോടെ ചികില്‍സയിലാണ്.
ലാദ്‍നുനിലെ വീട്ടില്‍ നിന്ന് ബന്ധുവീട്ടില്‍ വിരുന്നിന് പോയതാണ് അമ്മയും മക്കളും. ഗൊരേദിയില്‍ വച്ച് ഇവരുടെ സ്കൂട്ടര്‍ ട്രക്കിനടിയില്‍പ്പെടുകയായിരുന്നു. സ്കൂട്ടര്‍ ഏതാനും മീറ്ററോളം വലിച്ചിഴച്ചാണ് ട്രക്ക് നിന്നത്. ട്രക്ക് ഡ്രൈവര്‍ അപകടസ്ഥലത്തുനിന്ന് ഓടിരക്ഷപെട്ടു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
ട്രക്കിനടിയില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ശാരദയെയും മക്കളെയും പുറത്തെടുത്തത്. നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അക്ഷിത ഒഴികെ ആരെയും രക്ഷിക്കാനായില്ല.