1990 ൽ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ സെഞ്ചുറി നേടിയ ഒരു 17കാരനെ കണ്ടാണ് ഇന്ത്യക്കാൻ ഇതിനുമുൻപ്, ഇതുപോലെ അമ്പരന്ന് നിന്നത്. 35 വർഷങ്ങൾക്ക് ഇപ്പുറം വൈഭവ് കുറിച്ച ഇന്നിങ്സ് കണ്ട്, ക്രിക്കറ്റ് ദൈവമായി മാറിയ അന്നത്തെ കൗമാരക്കാരൻ പറഞ്ഞത് ഫാബുലസ് ഇന്നിംഗ്സ് എന്ന്. രാജസ്ഥാനായി അൻപതോ അതിൽ അധികമോ റൺസ് നേടുന്ന മൂന്നാമത്തെ കൗമാര താരമാണ് വൈഭവ് സൂര്യവംശി.
ഒട്ടും കൂസലില്ലാതെ ഫുൾ എനർജിയിൽ ബാറ്റ് ചെയ്യുന്ന ജെൻസി കിഡിന് കയ്യടിച്ച് സച്ചിൻ തെണ്ടുൽക്കാർ. വൈഭവിന്റെ ബാറ്റ് സ്പീഡും ക്രിക്കറ്റ് സെൻസും എടുത്തുപറഞ്ഞാണ് സച്ചിന്റെ പ്രശംസ. 2010 ൽ രാജസ്ഥാൻ താരമായിരിക്കെ യൂസഫ് പത്താൻ 37 പന്തിൽ നിന്ന് നേടിയ സെഞ്ചുറിയുടെ ഇന്ത്യൻ റെക്കോർഡാണ് വൈഭവ് മറികടന്നത്. ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയ്ക്ക് നേരെയും ഇനി വൈഭവിന്റെ പേര്. മുന്നിലുള്ളതാകട്ടെ 30 പന്തിൽ സെഞ്ചുറി നേടിയ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലും. 19 വയസ്സിൽ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെ റെക്കോഡാണ് പ്രയകണക്കിൽ വൈഭവ് ബഹുദൂരം പിന്നിൽ ആക്കിയത്. കൗമാരപ്രായത്തിൽ രാജസ്ഥാനായി തിളങ്ങുന്ന ആദ്യ താരമല്ല വൈഭവ്. ആദ്യ അർദ്ധ സെഞ്ചുറി നേടുമ്പോൾ സഞ്ജു സാംസണ് പ്രായം 18 വയസും റിയാൻ പരാഗിന് പ്രായം 17 വയസും. സെഞ്ചുറി ഇന്നിങ്സോടെ വൈഭവ് എന്ന പേരിനൊപ്പം 14 എന്ന സംഖ്യയും എക്സിൽ ട്രെൻഡിങ് ആയി. പതിനാലാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു എന്നാണ് ചോദ്യം.