Image Credit: facebook.com/thePSL
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും വീസ വിലക്ക് പ്രഖ്യാപിച്ചതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനുള്ള ഇന്ത്യന്‍ പൗരന്മാര്‍ മടങ്ങും. ഇതോടെ ലീഗിന്‍റെ വരും മല്‍സരങ്ങളുടെ സംപ്രേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇന്ത്യക്കാരടങ്ങുന്ന രണ്ട് ഡസന്‍ പ്രൊഡക്ഷന്‍, ബ്രോഡ്കാസ്റ്റേഴ്സ് ടീം നിലവില്‍ പാക്കിസ്ഥാനിലുണ്ട്. എന്‍ജിനീയര്‍മാര്‍, പ്രൊഡക്ഷന്‍ മാനേജര്‍, ക്യാമറമാന്‍, പ്ലേയര്‍ ട്രാക്കിങ് വിദഗ്ധര്‍ എന്നിങ്ങനെയുള്ള ടീം ആണ് പിഎസ്എല്‍ ബ്രോഡ്കാസ്റ്റിങ് നടത്തുന്നത്. ഇതില്‍ പ്ലേയര്‍ ട്രാക്കിങ് നടത്തുന്നത് മുഴുവന്‍ ഇന്ത്യക്കാരാണ്. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ 48 മണിക്കൂറിനകം രാജ്യംവിടാന്‍ ആവശ്യപ്പെട്ടതോടെ തിരിക്കിട്ട് ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താനൊരുങ്ങുകയാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്.
അതേസമയം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ ഇന്ത്യയിലെ സംപ്രേഷണം ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ് നിര്‍ത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി. ആദ്യ 13 മല്‍സരങ്ങള്‍ ഫാന്‍കോഡ് സംപ്രേക്ഷണം ചെയ്തിരുന്നു. വെള്ളിയാഴ്ച മുതല്‍ ആപ്പില്‍ പിഎസ്എല്‍ കണ്ടന്‍റുകള്‍ ലഭ്യമല്ല.