ചാംപ്യന്‍സ് ട്രോഫിയിലെ പരാജയം മറക്കാനാണ് പാക്കിസ്ഥാന്‍ ടീം ന്യൂസീലന്‍ഡ് പര്യടനത്തിന് എത്തിയത്. അഞ്ച് ട്വന്റി 20യുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും തോറ്റ് സമ്മര്‍ദ്ദത്തിലാണ് പാക് ടീം. 15 ഓവറാക്കി ചുരുക്കിയ രണ്ടാം ട്വന്‍റി 20യില്‍ പാക്കിസ്ഥാന്‍ ഒമ്പത് വിക്കറ്റുകള്‍ നഷ്ടത്തില്‍ 136 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ബൗളിങിലെ പിഴവാണ് ടീമിന് തോല്‍വി സമ്മാനിച്ചത്. ഷഹീന്‍ അഫ്രീദിയെ ഒരോവറില്‍ നാല് സിക്സര്‍ പറത്തിയും മുഹമ്മദ് അലിയെ മൂന്ന് സിക്സറടിച്ചും ന്യൂസീലന്‍ഡ് സമ്മര്‍ദ്ദത്തിലാക്കി.
ആദ്യ ഓവര്‍ എറിഞ്ഞ ഷഹീന്‍ അഫ്രിദി മെയ്ഡിന്‍ ആക്കി ഞെട്ടിച്ചാണ് തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ മുഹമ്മദ് അലിയെ തകര്‍ത്തടിച്ച് ഫിന്‍ അലന്‍ പ്രതികാരം വീട്ടി. രണ്ടാം ഓവറില്‍ നേടിയത് മൂന്ന് സിക്സര്‍. ആദ്യ ഓവറിലെ മെയ്ഡിന്‍റെ ബലത്തില്‍ പന്തെറിയാനെത്തിയ ഷഹീന്‍ അഫ്രിദിയുടെ കഥകഴിഞ്ഞു മൂന്നാം ഓവറില്‍. നാല് സിക്സര്‍ അടക്കം 26 റണ്‍സാണ് മൂന്നാം ഓവറില്‍ പിറന്നത്. ആദ്യ രണ്ട് പന്തും അവസാന രണ്ട് പന്തും ടിം സീഫെര്‍ട്ട് അതിര്‍ത്തി കടത്തി.
പിന്നീട് മുഹമ്മദ് അലി പന്തെറിയാന്‍ എത്തിയത് അഞ്ചാം ഓവറില്‍. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ഫോറും. ഇതോടെ സമ്മര്‍ദ്ദത്തിലായ അലി എറിഞ്ഞ അടുത്ത പന്ത് ആന വൈഡായി. സീഫെര്‍ട്ട് ആഞ്ഞു ശ്രമിച്ചെങ്കിലും ബാറ്റ്സ്മാന് എത്താന്‍ പറ്റാത്തത്ര ദൂരത്തിലായിരുന്നു പന്ത്. അടുത്ത പന്ത് അതിലും വലിയ വൈഡ്. പിച്ചില്‍ കുത്താതെ പന്ത് വന്ന് പതിച്ചത് പുറത്ത് പുല്ലില്‍. ഈ പന്ത് അംപയര്‍ നോബോള്‍ അനുവദിക്കുകയായിരുന്നു.
തൊട്ടടുത്ത പന്തിലും സീഫെര്‍ട്ട് ഫോറടിച്ചെങ്കിലും അടുത്ത പന്തില്‍ വിക്കറ്റ് വീണു. ഷഹീന്‍ അഫ്രിഡിയുടെ ക്യാച്ചിലായിരുന്നു വിക്കറ്റ്. എട്ട് പന്തെറിഞ്ഞ ഓവറില്‍ 16 റണ്‍സാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. അഞ്ച് ഓവറില്‍ തന്നെ ന്യൂസീലന്‍ഡ് സ്കോര്‍ 66 കടന്നിരുന്നു. തുടക്കത്തില്‍ ടിം സീഫെര്‍ട്ടും (22 പന്തില്‍ 45), ഫിന്‍ അലനും (16 പന്തില്‍ 38) നല്‍കിയ മികച്ച തുടക്കമാണ് ന്യൂസീലന്‍ഡിനെ രക്ഷപ്പെടുത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് വിജയ റണ്ണിലേക്ക് എത്തിയത്. പാക്കിസ്ഥാനായി ക്യാപ്റ്റന്‍ സല്‍മാന്‍ അഗ (46), ഷദാബ് ഖാന്‍ (26), ഷഹീന്‍ അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തി.