ചാംപ്യന്‍സ് ട്രോഫി സെമിഫൈനല്‍ മല്‍സരത്തില്‍ ഓസ്ട്രേലിയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയ വിരാട് കോലിയെ പുകഴ്ത്തി കപില്‍ദേവ്. ചൊവ്വാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മല്‍സരത്തില്‍ കോലി 84 റൺസുമായി തിളങ്ങിയിരുന്നു. ചേസ് മാസ്റ്റര്‍ എന്ന വിശേഷണം കോലി അരക്കെട്ടിട്ടുറപ്പിക്കുന്നതായി കപില്‍ വ്യക്തമാക്കി.
ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോലിയുടെ കളിക്കളത്തിലെ മികവിനെക്കുറിച്ച് കപില്‍ പറഞ്ഞത്. കോലിയുടെ മനോഭാവത്തെയും വെല്ലുവിളികളെ നേരിടുമ്പോഴുള്ള ആവേശത്തെയും അദ്ദേഹം പ്രശംസിച്ചു. ഏകദിന ക്രിക്കറ്റിലെ മികച്ച താരം കോലിയാണ്, ധോണിയേക്കാള്‍ മുകളിലാണ് അയാളുടെ സ്ഥാനം എന്നും കപില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകള്‍– "അദ്ദേഹത്തിന്‍റെ മനോഭാവം വലിയ വെല്ലുവിളികളെ ഏറ്റെടുക്കാൻ സഹായിക്കുന്നു. അങ്ങനെ കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. വളരെ കുറച്ച് ക്രിക്കറ്റ് താരങ്ങൾക്കേ അത്തരത്തിലുള്ള മനോഭാവം ഉള്ളു. ധോണി ഇത്തരത്തിലുള്ള മത്സരങ്ങൾ ജയിക്കാറുണ്ടായിരിക്കും, പക്ഷേ കോലി ഒരുപടി മുന്നിലാണ്"
ഇന്ത്യക്കെതിരെ ഓസ്ട്രേലിയ 265 റണ്‍സിന്‍റെ വിജയലക്ഷ്യമായിരുന്നു ഉയര്‍ത്തിയിരുന്നത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ 43/2 എന്ന നിലയിലായിരുന്നു.കോലി 98 പന്തില്‍ 84 റണ്‍സെടുത്ത് വിജയം ആയാസകരമാക്കി. രാഹുല്‍ കോലിക്ക് മികച്ച പിന്തുണ നല്‍കി.11 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയം ഉറപ്പാക്കിയപ്പോള്‍ ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോററായി കോഹ്ലി മാറി. മികച്ച പ്രകടനത്തിന് "പ്ലെയർ ഓഫ് ദി മാച്ച്" പുരസ്‌കാരവും ലഭിച്ചു. 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇതുവരെ ഒരു തോൽവിയും ഏറ്റുവാങ്ങിയിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ടീം തുടർച്ചയായി മൂന്നാം തവണയും ഫൈനലിലേക്ക് കടന്നത്. ഞായറാഴ്ച ദുബായിയിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളി ന്യൂസിലാൻഡാണ്. ബുധനാഴ്ച ലാഹോറിൽ നടന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപ്പിച്ച ന്യൂസിലാൻഡും ഫൈനലിലേക്ക് പ്രവേശിച്ചു.