ഫൈനല്‍ സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിലാണ് വിദര്‍ഭ കേരളത്തിനെതിരെ രഞ്ജി ട്രോഫി കപ്പുയര്‍ത്തിയത്. കേരളത്തിനെതിരെ നേടിയ 37 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡാണ് മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചത്. സെഞ്ചറിയോടെ മതിലായി നിന്ന കരുണ്‍ നായരുടെ പ്രകടനം ഇതില്‍ എടുത്തു പറയേണ്ടതും.
ഇന്ത്യയിലെ ആഭ്യന്തര ലീഗാണ് ജയിച്ചതെങ്കിലും ഫലത്തില്‍ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിസ്റ്റിന് ലഭിക്കുന്നത്രയും തുക വിദര്‍ഭയ്ക്ക് കിട്ടും. കേരളത്തിന് കിട്ടുക ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യ റൗണ്ട് തോറ്റ് പാക്കിസ്ഥാന് കിട്ടുന്നതിനേക്കാള്‍ വലിയ തുകയാണ്.
അഞ്ചു കോടി രൂപയാണ് രഞ്ജി ട്രോഫി വിജയികളായ വിദര്‍ഭയ്ക്ക് ലഭിക്കുന്ന സമ്മാനത്തുക. ഐസിസി ചാംപ്യന്‍സ് ട്രോഫി സെമിഫൈനലിസ്റ്റിന് ലഭിക്കുന്ന തുകയേക്കാള്‍ വെറും 20 ലക്ഷം രൂപ കുറവാണിത്. ചാംപ്യന്‍സ് ട്രോഫിയില്‍ സെമിയില്‍ തോല്‍ക്കുന്ന ടീമിന് 5.60 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. 5.20 കോടി രൂപയോളം വരുമിത്. രണ്ടാം സ്ഥാനത്തെത്തിയ കേരളത്തിന് ലഭിക്കുക മൂന്ന് കോടി രൂപയാണ്.
പാക്കിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ 69 ലക്ഷം ഡോളറാണ് ആകെ സമ്മാനത്തുക. 2017 ലെ ടൂര്‍ണമെന്‍റിനേക്കാള്‍ 53 ശതമാനം കൂടുതല്‍. ചാംപ്യന്‍മാര്‍ക്ക് 22.4 ലക്ഷം ഡോളറും (20.8 കോടി രൂപ) രണ്ടാം സ്ഥാനക്കാര്‍ക്ക് 11.2 ലക്ഷം ഡോളറും (10.4 കോടി രൂപ) കിട്ടും. 7-8 സ്ഥാനക്കാര്‍ക്ക് 1.40 ലക്ഷം ഡോളറാണ് ലഭിക്കുക. ഇതിനൊപ്പം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 1.25 ലക്ഷം ഡോളര്‍ ഐസിസി ഉറപ്പ് നല്‍കുന്നുണ്ട്.
അങ്ങനെ വരുമ്പോള്‍ ആദ്യ റൗണ്ടില്‍ പുറത്തായ പാക്കിസ്ഥാന് കിട്ടുന്നത് ഏകദേശം 2.60 ലക്ഷം ഡോളറാണ്. അതായത് 2.30 കോടി രൂപ. ഇത് കേരളത്തിന് രഞ്ജി ട്രോഫിയില്‍ നിന്നും ലഭിച്ച തുകയേക്കാള്‍ കുറവാണ്.
2023 ഏപ്രിലിലാണ് ആഭ്യന്തര ക്രിക്കറ്റിലെ സമ്മാനത്തുക ബിസിസിഐ ഉയര്‍ത്തിയത്. നേരത്തെ രണ്ട് കോടി രൂപയായിരുന്നു രഞ്ജി ട്രോഫി വിജയികള്‍ക്ക് ലഭിച്ചിരുന്നത്. പുരുഷന്മാരുടെ ടൂര്‍ണമെന്‍റുകള്‍ക്ക് 60 ശതമാനം മുതല്‍ 300 ശതമാനം വരെയാണ് വര്‍ധനവുണ്ടായത്. അന്നത്തെ ബിസിസിഐ സെക്രട്ടറിയായിരുന്ന ജെയ്ഷാ ആണ് സമ്മാനത്തുക ഉയര്‍ത്തിയത്.