മുംബൈയെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ച വിദര്‍ഭ ടീമിന്‍റെ ആഹ്ലാദം.

രഞ്ജി ട്രോഫിയില്‍ കേരളത്തെ കാത്തിരിക്കുന്നത് ചരിത്ര ഫൈനലാണ്. രണ്ട് റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ഫൈനലിലേക്ക് കടക്കുമ്പോള്‍ കേരളത്തിന് എതിരാളി വിദര്‍ഭയാണ്. ബാറ്റിങിലും ബൗളിങിലും ശക്തരായ ടീം. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ടീം. സെമിയില്‍ മുന്‍ ചാംപ്യന്‍മാരെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ടീം. കണക്കില്‍ കേരളത്തിന് വലിയ എതിരാളിയാണ് വിദര്‍ഭ.

Also Read: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന് എതിരാളികള്‍ വിദര്‍ഭ; സെമിയില്‍ മുംബൈയെ കെട്ടുകെട്ടിച്ചു

2024 ലെ ചാംപ്യന്‍മാരായ മുംബൈയെ 80 റണ്‍സിന് സെമിയില്‍ തോല്‍പ്പിച്ചാണ് വിദര്‍ഭ ഫൈനലിലെത്തുന്നത്. ഏഴില്‍ ആറും ജയിച്ച് 40 പോയിന്‍റോടെയാണ് വിദര്‍ഭ പ്രാഥമിക റൗണ്ട് കഴിഞ്ഞത്. ഫൈനല്‍ മത്സരം നടക്കുന്ന നാഗ്പ്പൂരിലെ മൈതാനം വിദര്‍ഭയുടെ ഹോം ഗ്രൗണ്ടാണ്.  കരുത്തരായ വിദര്‍ഭയെ നേരിടുന്നതിനൊപ്പം മലയാളി ഒരു നാള്‍ പിന്തുണച്ച മലയാളി താരത്തെയും ഫൈനലില്‍ കേരളത്തിന് മറികടക്കണം. കരുണ്‍ നായര്‍ എന്ന മലയാളി കേരളത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. 

മികച്ച ഫോമിലാണ് ഈ മലയാളി താരം.  എട്ട് മത്സരങ്ങളില്‍ നിന്ന് 642 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. സെമിയില്‍ മുംബൈയ്ക്കെതിരെ ആദ്യ ഇന്നിങ്സില്‍ 45 റണ്‍സും രണ്ടാം ഇന്നിങ്സില്‍ ആറു റണ്‍സും മാത്രം നേടിയതെങ്കിലും നിര്‍ണായക ഘട്ടത്തില്‍ ടീമിന്‍റെ കപ്പിത്താനായിരുന്ന കരുണ്‍ നായര്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ നേടിയ നിര്‍ണായകമായ 122 റണ്‍സ് സെഞ്ചറി ഇതിന് ഉദാഹരണം.

Also Read: ചരിത്രം കുറിച്ച് കേരളം രഞ്ജി ഫൈനലില്‍; ഗുജറാത്തിന്‍റെ വിജയം തടഞ്ഞത് സല്‍മാന്‍റെ ഹെല്‍മറ്റ്

മൂന്ന് സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയുമാണ് ഈ സീസണില്‍ കരുണ്‍ നായരുടെ സംഭാവന. 123 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. വിജയ് ഹസാരെ ട്രോഫിയിലും വിദര്‍ഭയെ മുന്നില്‍ നിന്ന് നയിച്ചത് കരുണ്‍ നായര്‍ തന്നെ. 9 മത്സരങ്ങളില്‍ നിന്ന് 779 റണ്‍സാണ് താരം നേടിയത്. ഈ പ്രകടനം നടത്തിയ താരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പര, ചാംപ്യൻസ് ട്രോഫി ടീമുകളിലേക്ക് പരിഗണിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.  

കരുണ്‍ നായരില്‍ തീരുന്നതല്ല വിദര്‍ഭയുടെ കരുത്ത്. ബാറ്റിങില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു താരമാണ് യാഷ് റാത്തോഡ്. ഒന്‍പത് മത്സരങ്ങളില്‍ നിന്നും 933 റണ്‍സാണ് ഈ വിദര്‍ഭ താരം നേടിയത്. മുംബൈയ്ക്കെതിരെ സെമിയില്‍ രണ്ടാം ഇന്നിങ്സില്‍ റാത്തോഡ് നേടിയ 151 റണ്‍സാണ് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. 

ഒന്നാം ഇന്നിങ്സില്‍ രണ്ടും രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുമായി മുംബൈയുടെ കഥ കഴിച്ച ഹര്‍ഷ് ദുബൈയാണ് പേടിക്കേണ്ട മറ്റൊരു താരം. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതും ഹഹര്‍ഷ് ദുബൈ തന്നെ. 9 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റാണ് താരം നേടിയത്. 

ENGLISH SUMMARY:

Kerala is set to face Vidarbha in the Ranji Trophy final after securing a narrow first-innings lead. With formidable players like Karun Nair, Yash Rathod, and Harsh Dubey, Vidarbha poses a significant challenge.