രഞ്ജി ട്രോഫി സെമിഫൈനലില്‍ ഷംസ് മുലാനിയുടെ വിക്കറ്റെടുത്ത ഹര്‍ഷ് ദുബെയുടെ ആഹ്ളാദം
ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരളത്തിന് കലാശപ്പോരില്‍ എതിരാളികള്‍ ശക്തരായ വിദര്‍ഭ. നാഗ്‍പുരില്‍ നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ മുംെബൈയെ 80 റണ്‍സിന് കീഴടക്കിയാണ് വിദര്‍ഭ ഫൈനലില്‍ എത്തിയത്. വിദര്‍ഭയുടെ നാലാം ഫൈനലാണിത്. 406 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാംദിനം രണ്ടാമിന്നിങ്സിനിറങ്ങിയ മുംബൈ 325 റണ്‍സിന് പുറത്തായി. ഹര്‍ഷ് ദുബെ, പാര്‍ഥ് റേഖഡെ, യഷ് താക്കുര്‍ ത്രയത്തിന്‍റെ തകര്‍പ്പന്‍ ബോളിങ്ങാണ് ദേശീയതാരങ്ങളടങ്ങിയ മുംബൈ ബാറ്റിങ് നിരയെ ശിഥിലമാക്കിയത്.
രഞ്ജി ട്രോഫി സെമിയില്‍ മുംബൈയ്ക്കെതിരെ സെഞ്ചറി നേടിയ വിദര്‍ഭ താരം യഷ് റാത്തോഡ്
സ്പിന്നര്‍ ദുബെ 41.5 ഓവറില്‍ 127 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. റേഖഡെയും താക്കുറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുംബൈയുടെ ആദ്യ ഇന്നിങ്സില്‍ റേഖഡെ നാലും ദുബെയും താക്കുറും രണ്ടുവീതവും വിക്കറ്റെടുത്തിരുന്നു. കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ക്കണ്ടിറങ്ങിയ മുംബൈയുടെ മുന്‍നിര ബാറ്റര്‍മാരില്‍ ആകാശ് ആനന്ദ് മാത്രമേ പിടിച്ചുനിന്നുള്ളു. ഷാര്‍ദുല്‍ താക്കുര്‍ ഒഴികെ ആര്‍ക്കും അത് മുതലാക്കാനായില്ല. 124 റണ്‍സിന് ആറുവിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ മുംബൈയെ വാലറ്റക്കാരാനാണ് വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
എട്ടാമനായിറങ്ങിയ ഷാര്‍ദുല്‍ താക്കുര്‍ 66 റണ്‍സെടുത്ത് ടോപ് സ്കോററായി. ഷംസ് മുലാനി, നാല്‍പ്പത്താറും തനുഷ് കോട്ടിയാന്‍ ഇരുപത്താറും മോഹിത് അവസ്തി മുപ്പത്തിനാലും പതിനൊന്നാമന്‍ റോയ്സ്റ്റണ്‍ ഡയസ് പുറത്താകാതെ 23 റണ്‍സുമെടുത്തു. നേരത്തേ യഷ് റാത്തോഡിന്‍റെ തകര്‍പ്പന്‍ സെഞ്ചറിയാണ് വിദര്‍ഭയ്ക്ക് മികച്ച് ലീഡ് നേടിക്കൊടുത്തത്. 252 പന്തില്‍ 151 റണ്‍സെടുത്ത റാത്തോഡ് ഒന്നാമിന്നിങ്സില്‍ അര്‍ധസെഞ്ചറി നേടിയിരുന്നു.
മുംബൈയെ തോല്‍പ്പിച്ച് രഞ്ജി ട്രോഫി ഫൈനലില്‍ കടന്ന വിദര്‍ഭ താരങ്ങളുടെ ആഹ്ളാദം
അവസാന സ്കോര്‍ നില: വിദര്‍ഭ – ഒന്നാമിന്നിങ്സ് 383, രണ്ടാമിന്നിങ്സ് 292 / മുംബൈ ഒന്നാമിന്നിങ്സ് 270, രണ്ടാമിന്നിങ്സ് 325. പ്ലേയര്‍ ഓഫ് ദ് മാച്ച്: യഷ് റാത്തോഡ്.